സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേര്‍ 14 ദിവസം റിമാന്‍ഡില്‍ 

നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പ്രതിഷേധക്കാരെ 14 ദിവസം റിമാന്‍ഡ് ചെയ്തു
സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേര്‍ 14 ദിവസം റിമാന്‍ഡില്‍ 

ശബരിമല: നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പ്രതിഷേധക്കാരെ 14 ദിവസം റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കുമെന്ന് പത്തനംതിട്ട കോടതി അറിയിച്ചു.

ഇന്നലെ രാത്രി ശബരിമല നട അടച്ചതിന് ശേഷം സംഘം ചേര്‍ന്ന് നാമജപ പ്രതിഷേധം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സന്നിധാനത്ത് നിന്നും  മണിയാര്‍ ക്യാമ്പിലേക്കാണ് മാറ്റിയിരുന്നത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

നാമജപ പ്രതിഷേധം ആസൂത്രിതമാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. നിരോധനാജ്ഞ ലംഘിച്ചത് ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷം സൃഷ്ടിക്കുക ലക്ഷ്യമിട്ട് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നും എത്തിയവരാണ് ഇവരെന്നും ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 

സന്നിധാനത്ത് നിന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പൊലീസിനെ ഹൈക്കോടതി രാവിലെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.  സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ ഭക്തരെ ബന്ദിയാക്കുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com