സ്ത്രീകള്‍ക്കു ക്യൂ, പ്രത്യേക ദിവസം ദര്‍ശനം: സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ തേടണമന്ന് ഹൈക്കോടതി

സുപ്രിം കോടതി വിധിയുടെ മറവില്‍ പൊലീസ് അതിക്രമം അനുവദിക്കാനാവില്ലെന്ന് കോടതി
സ്ത്രീകള്‍ക്കു ക്യൂ, പ്രത്യേക ദിവസം ദര്‍ശനം: സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ തേടണമന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ തേടണമെന്ന് ഹൈക്കോടതി. സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ, പ്രത്യേക ദിവസം ദര്‍ശനം എന്നീ മാര്‍ഗങ്ങള്‍ പരിശോധിക്കാവുന്നതാണെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയിലെ പൊലീസ് നടപടിക്കെതിരായ ഹര്‍ജിയില്‍ അഡ്വക്കറ്റ് ജനറലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് കോടതിയുടെ പ്രതികരണം.

ശബരിമലയില്‍ പല പാര്‍ട്ടികള്‍ക്കും പല അജന്‍ഡയുണ്ടാവാമെന്ന് കോടതി നിരീക്ഷിച്ചു. ഇതില്‍ കോടതി ഇടപെടുന്നില്ല. ഇന്നലെയുണ്ടായ അറസ്റ്റും കോടതിയുടെ പരിഗണനാ വിഷയമല്ല. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടു മാത്രമാണ് കോടതി പരിശോധിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

ഭക്തര്‍ക്ക് തീര്‍ഥാടനത്തിന് ബുദ്ധിമുട്ടൊന്നുമില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ബോധിപ്പിച്ചു. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഭക്തരെ നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. വിശ്രമിക്കാന്‍ വേറെ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എജി മറുപടി നല്‍കി. നെയ്യഭിഷേകത്തിന് ടിക്കറ്റ് എടുത്തവരെ രാത്രി തിരിച്ചയയ്ക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇല്ലെന്ന് എജി അറിയിച്ചപ്പോള്‍ ഇക്കാര്യം പൊലീസ് മേധാവി സത്യവാങ്മൂലമായി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. സുപ്രിം കോടതി വിധിയുടെ മറവില്‍ പൊലീസ് അതിക്രമം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ശബരിമലയില്‍ നടപ്പാക്കിയ സമയ നിയന്ത്രണത്തെ കോടതി അനുകൂലിച്ചു. ദര്‍ശനം നടത്തിയവര്‍ മാറുകയാണ് വേണ്ടത്. അവര്‍ സന്നിധാനത്തു തുടരുന്നത് ദര്‍ശനം നടത്താനുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. 

സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ആസൂത്രിത നീക്കം നടത്തുകയാണെന്ന് എജി പറഞ്ഞു. ഇത്തരത്തില്‍ സംഘര്‍ഷമുണ്ടാക്കിയവരാണ് അറസ്റ്റിലായതെന്ന് എജി അറിയിച്ചു. ശബരിമലയിലേക്ക് സംഘമായി എത്താന്‍ പ്രവര്‍ത്തകരോടു നിര്‍ദേശിച്ചുകൊണ്ട് ബിജെപി ഇറക്കിയ സര്‍ക്കുലര്‍ എജി കോടതിയില്‍ സമര്‍പ്പിച്ചു.

രാവിലെ രൂക്ഷവിമര്‍ശനമാണ് പൊലീസ് നിയന്ത്രണത്തിനെതിരെ ഹൈക്കോടതി ഉയര്‍ത്തിയത്. സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ ഭക്തരെ ബന്ദിയാക്കുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ശബരിമലയില്‍ നടക്കുന്നതെന്തെന്ന് അഡ്വക്കറ്റ് ജനറല്‍ നേരിട്ടു ഹാജരായി വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. 

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഭക്തര്‍ക്കു ശുചിമുറികളും കുടിവെള്ളവും ഉറപ്പാക്കണം. കുട്ടികള്‍ ഉള്‍പ്പെടെ വരുന്ന ഭക്തര്‍ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാവരുത്. യഥാര്‍ഥ ഭക്തര്‍ക്ക് സുഗമമായി തീര്‍ഥാടനം നടത്താനാവണമെന്ന് കോടതി പറഞ്ഞു. പൊലീസിന്റെ സ്ഥാനം ബാരക്കിലാണ്. നടപ്പന്തല്‍ ഭക്തര്‍ക്കു വിശ്രമിക്കാനുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സന്നിധാനത്തേക്കു ഭക്തരെ നിയന്ത്രിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ഭക്തര്‍ വിരിവയ്ക്കാതിരിക്കാന്‍ നടപ്പന്തലില്‍ പൊലീസ് വെള്ളം തളിച്ചുവെന്നാണ് ആരോപണം. ഇതിന് പൊലീസിന് ആരാണ് അധികാരം നല്‍കിയത്? ശബരിമലയില്‍ സുരക്ഷാ ചുമതലയ്ക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളെ നിയന്ത്രിച്ചു മുന്‍പരിചയം ഉണ്ടോയെന്ന് കോടതി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com