അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്, യുഡിഎഫ് സംഘം പമ്പയില്‍നിന്നു മടങ്ങി; ഗവര്‍ണറെ കാണുമെന്ന് ചെന്നിത്തല

ഗവര്‍ണറെ കണ്ട് ശബരിമലയിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല
ഫോട്ടോ: മെല്‍ട്ടണ്‍ ആന്റണി, എക്‌സ്പ്രസ്‌
ഫോട്ടോ: മെല്‍ട്ടണ്‍ ആന്റണി, എക്‌സ്പ്രസ്‌

പമ്പ: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കാനെത്തിയ യുഡിഎഫ് ഉന്നത നേതാക്കളുടെ സംഘം സന്നിധാനത്തേക്കു പോവാതെ മടങ്ങി. നിലയ്ക്കലിലും പമ്പയിലും സംഘം നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്യില്ലെന്നു പൊലീസ് അറിയിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും നേതൃത്വത്തിലുള്ള സംഘം മടങ്ങുകയായിരുന്നു. ഗവര്‍ണറെ കണ്ട് ശബരിമലയിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംകെ മുനീര്‍, ബെന്നി ബഹനാന്‍, പിജെ ജോസഫ്, എംകെ പ്രേമചന്ദ്രന്‍, സിപി ജോണ്‍, ദേവരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പമ്പയില്‍ എത്തിയത്. നേരത്തെ നിലയ്ക്കലില്‍ ഇവരെ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിലാണ് സംഘം പമ്പയില്‍ എത്തിയത്. പമ്പ ഗണപതിക്ഷേത്രത്തിനു താഴെ ഇവര്‍ കുത്തിയിരുന്ന് സമരം നടത്തി. അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് അറിയിച്ചതോടെ ഇവര്‍ സമരം നിര്‍ത്തി മടങ്ങുകയായിരുന്നു.

നിലയ്ക്കലില്‍ യുഡിഎഫ് ഉന്നത നേതാക്കളും പൊലീസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. സംഘത്തെ തടഞ്ഞ പൊലീസ് എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഒഴികെയുള്ളവര്‍ കെഎസ്ആര്‍ടിസി ബസില്‍ പോവണമെന്ന നിലപാടെടുത്തു. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തര്‍ക്കത്തിനൊടുവില്‍ സംഘം കെഎസ്ആര്‍ടിസി ബസില്‍ യാത്ര തുടരുകയായിരുന്നു. 

നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരുടെ വലിയൊരു സംഘവും ഉണ്ടായിരുന്നു. നിലയ്ക്കലില്‍ ഇവരെ തടഞ്ഞ പൊലീസ് എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഒഴികെയുള്ളവര്‍ ബസില്‍ പോവണമന്ന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇത് സംഘം അംഗീകരിച്ചില്ല. തുടര്‍ന്നു റോഡില്‍ കുത്തിയിരുന്ന നേതാക്കളും എസ്പിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം അരങ്ങേറി. 

നൂറ്റിനാല്‍പ്പത്തിനാലു പ്രഖ്യാപിച്ചതു കുഴപ്പക്കാരെ നേരിടാനാണെന്ന് സ്‌പെഷല്‍ ഓഫിസര്‍ യതീഷ് ചന്ദ്ര സംഘത്തെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങിയ സംഘമാണോ കുഴപ്പക്കാരെന്ന് യുഡിഎഫ് നേതാക്കള്‍ ചോദിച്ചു. 144 പ്രഖ്യാപിച്ചത് നിയമ വിരുദ്ധമാണെന്നും അതു പിന്‍വലിക്കണമെന്നാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിരോധനാജ്ഞ ലംഘിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. തീര്‍ഥാടനം അട്ടിമറിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എസ്പിയുമായി വാക്കു തര്‍ക്കം മൂത്തതോടെ പൊലീസ് ഗോ ബാക്ക് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. ശബരിമല ഭക്തര്‍ക്ക് ഐക്യദാര്‍ഢ്യമാവുമായാണ് വന്നതെന്നും നിരോധനാജ്ഞ പിന്‍വലിക്കുകയെന്നതാണ് ആവശ്യമെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. 

ഇതിനിടെ പൊലീസ് നിലപാടു മാറ്റിയതായും എല്ലാവര്‍ക്കും പോവാന്‍ അനുമതി നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. ഇത് സമരത്തിന്റെ ആദ്യഘട്ട വിജയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ക്ഷേത്രത്തില്‍ പോവുന്നതിന് ആര്‍ക്കും തടസമില്ലെന്ന് എസ്പിയും അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ബസില്‍ പമ്പയിലേക്കു പോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com