തീര്‍ത്ഥാടകര്‍ സംതൃപ്തര്‍; നിരോധനാജ്ഞയുടെ ആവശ്യമില്ലായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ശബരമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞയുടെ ആവശ്യമുണ്ടായിരുന്നില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹന്‍ദാസ്
തീര്‍ത്ഥാടകര്‍ സംതൃപ്തര്‍; നിരോധനാജ്ഞയുടെ ആവശ്യമില്ലായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സന്നിധാനം: ശബരിമലയില്‍ താന്‍ കണ്ട ഭക്തരെല്ലാം സംതൃപ്തരാണെന്നും പ്രശ്മുണ്ടാക്കിയവര്‍ ഭക്തി കൂടിയവര്‍ ആയിരിക്കുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹന്‍ദാസ്. ശബരമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞയുടെ ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോടും ഡി.ജി.പിയോടും വിശദീകരണം തേടിയതായും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഐ.ജിയുമായി സംസാരിക്കും. മാധ്യമങ്ങള്‍ പറയുന്ന രീതിയിലുള്ള അസൗകര്യങ്ങള്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഇല്ല. തീര്‍ത്ഥാടകര്‍ തന്നോട് അസൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും പരാതികളുമായി രംഗത്തെത്തിയാല്‍ പരിഗണിക്കും. ഇപ്പോള്‍ കമ്മിഷന്റെ പരിഗണനയില്‍ 13 കേസുകളുണ്ട്. ഇവയെല്ലാം മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് പരിഹരിക്കും. സന്നിധാനത്ത് കുഴപ്പങ്ങളുണ്ടാക്കിയത് ഭക്തി കൂടിയവര്‍ ആയിരിക്കും. യഥാര്‍ത്ഥ ഭക്തന്മാര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കണ്ട തീര്‍ത്ഥാടകരെല്ലാം സംതൃപ്തരാണ്. പമ്പയില്‍ പ്രശ്‌നങ്ങളുണ്ട്. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താനാകില്ല. സര്‍ക്കാരിന്റെ കയ്യില്‍ മാന്ത്രിക വടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്നിധാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com