നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ്; ബിജെപി എംപിമാരും ശബരിമലയിലേക്ക്, അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ മനുഷ്യാവകാശ കമ്മീഷനും എത്തും

രാത്രി നടപ്പന്തലില്‍ തന്നെ തങ്ങുവാനാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. നടപ്പന്തലില്‍ വിരിവയ്ക്കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തെ മറികടക്കുവാനാണ് നീക്കം
നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ്; ബിജെപി എംപിമാരും ശബരിമലയിലേക്ക്, അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ മനുഷ്യാവകാശ കമ്മീഷനും എത്തും

ശബരിമല: സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധിയെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ തുടരുന്നതിന് ഇടയില്‍ യുഡിഎഫ്, ബിജെപി നേതാക്കള്‍ ഇന്ന് ശബരിമലയിലെത്തും. ശബരിമലയിലേക്ക് കേന്ദ്ര നേതാക്കളെ എത്തിക്കാനുള്ള ബിജെപിയുടെ നീക്കങ്ങളുടെ ഭാഗമായി ബിജെപി എംപിമാരായ വി.മുരളീധരനും, കേരളത്തിന്റെ ചുമതലയുള്ള നളിന്‍ കുമാര്‍ ഖട്ടീലുമാണ് ഇന്ന് ശബരിമലയിലെത്തുന്നത്. 

ഇവര്‍ സന്നിധാനത്തേക്ക് എത്തുകയും, സന്നിധാനത്ത് വെച്ച് മാധ്യമങ്ങളെ കാണുകയും ചെയ്യും. സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പൊലീസ് നടപടികളിലെ പ്രതിഷേധം തീവ്രമാക്കുന്നതിന് ഒപ്പം, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ ആക്രമിക്കുക കൂടിയണ് ഇവരുടെ ലക്ഷ്യം.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് യുഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനം. ഉമ്മന്‍ ചാണ്ടിയും വിവിധ ഘടകക്ഷി നേതാക്കളും സംഘത്തിലുണ്ടാവും. ശബരിമലയിലെ പ്രശ്‌നത്തില്‍ കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്ന് യുഡിഎഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ പൊലീസ്‌ രാജാണ് നടപ്പിലാക്കുന്നത്. മണ്ഡലകാലത്ത് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വംബോര്‍ഡിന് സാധിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി സമരം ശക്തമാക്കുവാനാണ് യുഡിഎഫിന്റെ തീരുമാനം. 

ഭക്തര്‍ ഒരുമിച്ച് വരുന്നിടത്ത് നിരോധനാജ്ഞ പോലുള്ളവ പ്രഖ്യാപിക്കുന്നത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നാണ് യുഡിഎഫ് നിലപാട്. 
രമേശ് ചെന്നിത്തലയുടേയും കെ.മുരളീധരന്റേയും നേതൃത്വത്തില്‍ സന്നിധാനത്തേക്ക് എത്തുന്ന യുഡിഎഫ് സംഘം നിരോധനാജ്ഞ ലംഘിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി നടപ്പന്തലില്‍ തന്നെ തങ്ങുവാനാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. നടപ്പന്തലില്‍ വിരിവയ്ക്കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തെ മറികടക്കുവാനാണ് നീക്കം.  

മനുഷ്യാവകാശ കമ്മീഷനും ഇന്ന് പമ്പയിലേക്ക് എത്തുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനം. പമ്പയിലും നിലയ്ക്കലിലും മനുഷ്യാവകാശ കമ്മീഷന്‍ പരിശോധനകള്‍ നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com