രാഷ്ട്രീയമാണെങ്കില്‍ നമുക്ക് തമ്മിലാകാം; ഭക്തരെ വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് ബിജെപിയോട് പിണറായി

ശബരിമലയെ ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
രാഷ്ട്രീയമാണെങ്കില്‍ നമുക്ക് തമ്മിലാകാം; ഭക്തരെ വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് ബിജെപിയോട് പിണറായി

തിരുവനന്തപുരം: ശബരിമലയെ ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെങ്കില്‍ നമുക്ക് തമ്മിലാകാം. ഇതിന് ശബരിമലയെയും ഭക്തരെയും എന്തിന് വലിച്ചിഴയ്ക്കുന്നുവെന്ന് പിണറായി വിജയന്‍ ചോദിച്ചു. ശബരിമലയ്ക്ക് പുറത്ത് സെക്രട്ടറിയേറ്റിന് മുന്‍പിലോ മറ്റും തുറന്നവേദിയാകാമെന്നും ബിജെപിയെയും സംഘപരിവാറിനെയും നിശിതമായി വിമര്‍ശിച്ചു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രാഷ്ട്രീയ താല്‍പര്യത്തിനായി  ഇവര്‍ ഭക്തരെ ഉപയോഗിക്കുകയാണ്. വിശ്വാസമല്ല പ്രശ്‌നം. രാഷ്ട്രീയമാണ് വിഷയം.ഭക്തിയുടെ പേരിലല്ല ഇത്തരം സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുളളത്. ഭക്തര്‍ക്ക് തടസം സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ക്രിമിനല്‍ കേസില്‍ പ്രതികളായവരാണ് ശബരിമലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ഇവരില്‍ പലരും സാധാരണ വഴിയിലുടെയല്ല, വനത്തിലുടെയാണ് ശബരിമലയില്‍ എത്തിയത്. 

ശബരിമലയില്‍ സംഘപരിവാര്‍ ശക്തികളുടെ യഥാര്‍ത്ഥ ഉദേശം എന്താണ് എന്ന് ഇതിനോടകം തന്നെ ജനത്തിന് ബോധ്യമായി കഴിഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി അരങ്ങേറിയ സംഭവങ്ങള്‍ ഇതാണ് വെളിവാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തുവന്നിരുന്നു. സംസ്ഥാന നേതാക്കളെ     ഒന്നടങ്കം നിയോഗിച്ച് കര്‍സേവ നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ ഈ അജണ്ട നേരത്തെ തന്നെ പുറത്തുവന്നതാണ്. ശ്രീധരന്‍പിളളയുടെ പ്രസംഗം ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇരുമുട്ടിക്കെട്ടിനെ ആദരപൂര്‍വമായാണ് ഭക്തര്‍ കാണുന്നത്. എന്നാല്‍ ഒരു നേതാവ് ഇരുമുട്ടിക്കെട്ട് വലിച്ചെറിയുന്നു. ഇത് എസ്പി തന്നെ എടുത്തുകൊടുക്കുന്നു. വീണ്ടും വലിച്ചെറിയുന്നു. ഇത് സാധാരണ നിലയില്‍ ഒരു ഭക്തന്‍ ചെയ്യുന്ന കാര്യമാണോ. വസ്ത്രം അദ്ദേഹം തന്നെ വലിച്ചുകീറി, എന്നിട്ട്് പൊലീസ് വലിച്ചുകീറിയതാണ് എന്ന് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

ശബരിമലയില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് നേത്യത്വം നല്‍കുന്നത് ബിജെപിയും സംഘപരിവാറുമാണെങ്കിലും തങ്ങളും ഒപ്പമുണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇത് കോണ്‍ഗ്രസിന് അകത്ത് മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവര്‍ തിരിച്ചറിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

തുലാംമാസപൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അതിഭീകരമായി ആക്രമിക്കപ്പെട്ടു. യുവതികള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. അപ്പോഴാണ് പൊലീസ് ഇടപെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ ഒരു ഘട്ടത്തിലും അനുഭവിച്ചിട്ടില്ലാത്ത കയ്യേറ്റത്തിനാണ് വിധേയരായത്. ദൃശ്യമാധ്യമങ്ങള്‍ എന്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിലയില്‍ വരെ സംഘപരിവാറുകാര്‍ ഇടപെട്ടു. അവസാനദിവസം  മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി.

സംഘപരിവാര്‍ നിശ്ചയിക്കുന്ന അജണ്ട നടപ്പിലാക്കുകയായിരുന്നു. ഈ സമയം പൊലീസ് അങ്ങയേറ്റം സംയമനത്തോടെ ഇടപെടുന്ന സാഹചര്യമാണ് ഉണ്ടായത്. ശാരീരിക വേദനകള്‍ അനുഭവിച്ചുകൊണ്ടാണ് അവര്‍ നിലക്കൊണ്ടത്. ഭക്തര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മാത്രമാണ് പൊലീസ് ആഗ്രഹിച്ചത്. ഈ ഘട്ടത്തില്‍ തടസം സൃഷ്ടിക്കാന്‍ വന്നവരെ സ്വാഭാവിക നടപടികളുടെ ഭാഗമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.  

ചിത്തിര ആട്ടപൂജയ്ക്കായി നട തുറന്ന സമയത്തും പ്രശ്‌നങ്ങളുണ്ടായി.പരിപാവനമായ സന്നിധാനത്ത് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥിതിയാണുണ്ടായത്. 50 വയസുകഴിഞ്ഞ സ്ത്രീയെ തന്നെ ആക്രമിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മറ്റു കാരണങ്ങള്‍ ഒന്നും ഇല്ലാതെ വന്നപ്പോള്‍ 50 വയസുകാരിയെ ആക്രമിക്കുന്ന നിലയുണ്ടായി. ഇവരൊടൊപ്പം വന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സാഹചര്യമുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.  

ആചാരസംരക്ഷണം ആവശ്യപ്പെടുന്നവര്‍ തന്നെ ആചാരലംഘനം നടത്തുന്നു .യഥാര്‍ത്ഥത്തില്‍ ഭക്തര്‍ക്ക് ദുരിതപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. ഇവരുടെ നേട്ടത്തിന് വേണ്ടി ഭക്തരെ അങ്ങേയറ്റം ദുരിതത്തിലാക്കുന്ന നടപടിയാണ് ഇവര്‍ സ്വീകരിച്ചത്.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി എത്തിയ ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനുളള നടപടികളാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നത്. ദേവസ്വം ബോര്‍ഡിന് പിന്തുണ നല്‍കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഭക്തര്‍ക്ക് കഴിയാവുന്നത്ര മെച്ചപ്പെട്ട ദര്‍ശനം സാധ്യമാക്കണം എന്നതാണ് ലക്ഷ്യം. 

തടസം സൃഷ്ടിക്കുന്നവരെ ഒഴിവാക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ചിത്തിര ആട്ട പൂജയ്ക്ക് നടത്തിയത് പോലുളള കലാപങ്ങള്‍ ഉണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഒരുക്കിയ ക്രമീകരണങ്ങളെ അട്ടിമറിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഇത്തരം ആളുകളെ സ്വാഭാവികമായി അറസ്റ്റ് ചെയ്ത് നീക്കേണ്ടതുണ്ട്. അത്തരം നടപടികളാണ് സ്വീകരിച്ചത്. ഒരു യഥാര്‍ത്ഥ ഭക്തനെയും ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാനല്ല, ഭക്തര്‍ക്ക് ശരിയായ ദര്‍ശനത്തിനുളള സൗകര്യം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഹരിവരാസാനം പാടി നട അടച്ച ശേഷവും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇത് ബോധപൂര്‍വമാണ്.ശബരിമല തങ്ങളുടെ കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെ എന്ത് കളവും പ്രചരിപ്പിക്കുകയാണ്. ഭക്തരാണ് എന്ന് അവകാശപ്പെടുന്നവര്‍ എല്ലാം സംഘപരിവാറിന്റെ നേതാക്കള്‍ ആണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. 


നിയമവാഴ്ചയുളള സ്ഥലത്ത് കോടതിയുടെ ഉത്തരവ് നടപ്പിലാക്കുക അല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റുപോംവഴികള്‍ ഇല്ലായെന്ന് എല്ലാവര്‍ക്കും അറിയാം. കോടതി വിധി നടപ്പാക്കുന്നതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com