ശബരിമല പ്രതിഷേധം: അക്രമികള്‍ തകര്‍ത്തത് 24 ബസുകള്‍; നഷ്ടം 50ലക്ഷം; കണക്കുമായി കെഎസ്ആര്‍ടിസി

 ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ അക്രമികള്‍ തകര്‍ത്തത് 24 കെഎസ്ആര്‍ടിസി ബസുകള്‍
ശബരിമല പ്രതിഷേധം: അക്രമികള്‍ തകര്‍ത്തത് 24 ബസുകള്‍; നഷ്ടം 50ലക്ഷം; കണക്കുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ അക്രമികള്‍ തകര്‍ത്തത് 24 കെഎസ്ആര്‍ടിസി ബസുകള്‍. അമ്പതു ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍.  സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ്, മിന്നല്‍ ബസുകളാണ് തകര്‍ക്കപ്പെട്ടത്. തൃശൂരിനും കോഴിക്കോടിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ബസുകള്‍ തകര്‍ക്കപ്പെട്ടതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

അക്രമങ്ങളില്‍ ഗ്ലാസ് തകര്‍ന്നതും ബോഡി നശിച്ചതും ഉള്‍പ്പെടെ ഒരു ബസിന് ശരാശരി 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 24 ബസുകള്‍ക്ക് ഈ ഇനത്തില്‍ 12 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ട്രിപ്പുകള്‍ മുടങ്ങിയതിനാല്‍ ഓരോ ബസിനും ഒരു ദിവസത്തെ വരുമാനനഷ്ടം 10,000 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. 2,40,000 രൂപയാണ് 24 ബസുകളുടെ ഒരു ദിവസത്തെ ആകെ വരുമാന നഷ്ടം. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി, അറ്റകുറ്റപ്പണികള്‍ നടത്തി ബസുകള്‍ നിരത്തിലിറങ്ങാന്‍ ഒരാഴ്ചയെടുക്കും. ഇതെല്ലാം കണക്കാക്കിയാണ് നഷ്ടം 50 ലക്ഷമെന്ന നിഗമനത്തിലേക്ക് എത്തിയത്.

കെഎസ്ആര്‍ടിസിയുടെ ആകെ വരുമാനത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച 6.03 കോടി രൂപയായിരുന്നു ശരാശരി ദിവസ വരുമാനമെങ്കില്‍ ഈയാഴ്ച അത് 1.82 കോടിയായി കുറഞ്ഞു. നഷ്ടം 4.21 കോടി. ശബരിമല സര്‍വീസിലും വലിയ നഷ്ടമാണ് കോര്‍പറേഷന്‍ നേരിടുന്നത്. ബസുകള്‍ പമ്പയിലേക്കു സര്‍വീസ് നടത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വരുമാനം കുറയാന്‍ കാരണം. മുന്‍പ് ഓരോ മിനിറ്റ് ഇടവേളയിലും സര്‍വീസ് നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ 15 20 മിനിറ്റ് ഇടവേളയിലാണ് സര്‍വീസ്. പ്രതിഷേധ സമരങ്ങള്‍ നടക്കുന്നതിനാല്‍ ഭക്തരുടെ വരവിലും കുറവുണ്ടായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com