ശബരിമലയെ തകര്‍ക്കാന്‍ എന്ത് ശ്രമമാണ് കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയത്?; തെരുവില്‍ സംവാദം നടത്താന്‍ ശ്രീധരന്‍പിള്ളയെ വെല്ലുവിളിച്ച് കോടിയേരി

ശബരിമല സമരത്തില്‍ തെരുവില്‍ ആശയപരമായ സംവാദം നടത്താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
ശബരിമലയെ തകര്‍ക്കാന്‍ എന്ത് ശ്രമമാണ് കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയത്?; തെരുവില്‍ സംവാദം നടത്താന്‍ ശ്രീധരന്‍പിള്ളയെ വെല്ലുവിളിച്ച് കോടിയേരി

തിരുവനന്തപുരം: ശബരിമല സമരത്തില്‍ തെരുവില്‍ ആശയപരമായ സംവാദം നടത്താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല സമരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരായാണെന്നുള്ള ശ്രീധരന്‍പിള്ളയുടെ പ്രസ്താവന പുതിയ വഴിത്തെരിവാണ്. പ്രക്ഷോഭം രാഷ്ട്രീയ സമരമാണെന്ന് ബിജെപി അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ശബരിമല കേന്ദ്രീകരിച്ചുകൊണ്ടുള്ള സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ശബരിമലയും പരിസര പ്രദേശവും സമരകേന്ദ്രമാക്കുന്നതില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറുന്നതാണ് നല്ലത്. സ്ത്രീ പ്രവേശനത്തിന് എതിരായ സമരമല്ലെങ്കില്‍ പിന്നെന്തിനാണ് ശബരിമല സമരകേന്ദ്രമാക്കി മാറ്റുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരാണ് സമരമെങ്കില്‍ തെരുവില്‍ ആശയ പ്രചാരണം നടത്താന്‍ തയ്യാറാകണം. ബിജെപിയുടെ ആശയത്തെ എതിര്‍ക്കാന്‍ സിപിഎം തയ്യാറാണ്.ആശയപരമായ സംവാദത്തിന് വേണ്ടി ശ്രീധരന്‍പിള്ളയെ ഞാന്‍ വെല്ലുവിളിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയുള്ള സമരം ഏതെല്ലാം പ്രശ്‌നത്തിന് വേണ്ടിയാണ് ബിജെപി നടത്തുന്നത് എന്ന് വ്യക്തമാക്കിയാല്‍ അതിനെല്ലാം വ്യക്തമായ മറുപടി നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിന് ഭകതരെ ബുദ്ധിമുട്ടിക്കരുത്-അദ്ദേഹം പറഞ്ഞു. 

കലാപമുണ്ടാക്കിയ ശേഷം പൊലീസ് നടപടിയില്‍ നിന്ന്  രക്ഷപ്പെടാന്‍ സ്ത്രീകളെയും കുട്ടികളെയും കവചമാക്കുന്നതില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറണം. സര്‍ക്കാരിന് എതിരാണ് സമരമെങ്കില്‍ ശബരിമലയില്‍ നിന്ന് മാറ്റി സെക്രട്ടേറിയറ്റിന് മുന്നിലാക്കണം. സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റെന്താണ് വഴിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിതന്നെ ചോദിക്കുമ്പോള്‍ പിന്നെന്തിനാണ് ഈ സമരം. 

ശബരിമലയെ തകര്‍ക്കാന്‍ എന്ത് ശ്രമമാണ് കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയത്. അതാണെങ്കില്‍ ആകാര്യം ചര്‍ച്ചാ വിഷയമാക്കാന്‍ അദ്ദേഹം മുന്‍കൈ എടുക്കണം. ശബരിമല ക്ഷേത്രം പിടിച്ചെടുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കേരളത്തില്‍ പല ക്ഷേത്രങ്ങളും ആര്‍എസ്എസ് പിടിച്ചെടുത്തിട്ടുണ്ട്. അങ്ങനെ പിടിച്ചെടുത്ത ക്ഷേത്രങ്ങളാണ് ഇന്ന് ബിജെപി അവരുടെ താവളങ്ങളായി ഉപയോഗിക്കുന്നത്. അത്തരം ക്ഷേത്രങ്ങളാണ് ഇപ്പോള്‍ സമരകേന്ദ്രങ്ങളാക്കി മാറ്റുന്നത്. ശബരമലയ്ക്ക് ചുറ്റും എപ്പോഴും ആര്‍എസ്എസ് സാന്നിധ്യമാണ്. 50000 വോളന്റിയാര്‍മാരെയാണ് പ്രശ്‌നമുണ്ടാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. 

സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നവരാണ് ഞങ്ങള്‍,പക്ഷേ ഞങ്ങളാരും സ്ത്രീകളോട് ശബരിമലയില്‍ പോകാന്‍ പറഞ്ഞിട്ടില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലും സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങളാരും യുവതീ പ്രവേശനത്തിന് പിടിവാശി കാണിച്ചിട്ടില്ല. ഗവണ്‍മെന്റും അതിന് വേണ്ടി ശ്രമിച്ചിട്ടില്ല. സ്വമേധയാ അവര്‍ വന്നാല്‍ തടാനും പാടില്ല. ഇതാണ് ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം. ഇതിന്റെ മറവില്‍ കേരളത്തില്‍ അരാചകം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ ഈ ശ്രമത്തിന് യുഡിഎഫ് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഭാഗമായാണ്  ഇന്ന് യുഡിഎഫിന്റെ ഉന്നത നേതാക്കള്‍ ശബരിമലയില്‍ നാടകം നടത്തിയത്. ഭക്തര്‍ക്കോ ശബരിമല സന്ദര്‍ശിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്കും ശബരിമലയില്‍ ഒരു വിലക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com