സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് വി മുരളീധരന്റെ നേതൃത്വത്തില്‍ നാമജപം; നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാം

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് വി മുരളീധരന്റെ നേതൃത്വത്തില്‍ നാമജപം -  നടപ്പന്തലിലെ നിയന്ത്രണം ഭാഗികമായി നീക്കി
സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് വി മുരളീധരന്റെ നേതൃത്വത്തില്‍ നാമജപം; നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാം

പത്തനംതിട്ട: ശരണം വിളിക്കുന്നവരുടെ പേരില്‍ പൊലീസ് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് ഇന്നും നാമജപപ്രതിഷേധം. രണ്ട് സംഘങ്ങളായാണ് പ്രതിഷേധം. വി മുരളീധരന്‍ എംപിയുടെ നേതൃത്വത്തില്‍ വടക്കെനടയിലും രണ്ടാമത്തെ സംഘം മാളികപുറത്തിന് സമീപത്തുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും നാമജപപ്രതിഷേധം അരങ്ങേറിയിരുന്നു. 22 പേരടങ്ങുന്ന സംഘമാണ്  ഇന്നലെ പ്രതിഷേധം തുടങ്ങിയത്. പൊലീസ് അന്നദാനമണ്ഡപത്തിന് സമീപത്തേക്ക് മാറ്റിയതോടെ സംഘം പിരിഞ്ഞുപോയി. 

പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ വലിയനടപ്പന്തലില്‍ നാമം ജപിച്ച് പ്രതിഷേധിച്ച അന്‍പതിലേറെ തീര്‍ത്ഥാടകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റം ആരോപിച്ചുള്ള അറസ്റ്റ് ബലപ്രയോഗത്തിനും കാരണമായിരുന്നു. 

ശബരിമലയിലെ വലിയനടപന്തലിലെ നിയന്ത്രണം ഭാഗികമായി നീക്കി. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാമെന്ന് പൊലീസ് അറിയിച്ചു. ഹൈക്കോടതി വിമര്‍ശനം കൂടി കണക്കിലെടുത്താണ് തീരുമാനം. നേരത്തെ ഇവിടെ വിശ്രമിക്കാനും വിരിവയ്ക്കാനും അനുവദിച്ചിരുന്നില്ല. ശബരിമലയിലെ നിലവിലുള്ള സ്ഥിതി കണക്കിലെടുത്ത് മല ഇറക്കത്തിന് സമയം പൊലീസ് നിശ്ചയിച്ചിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ മല ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്കി. പ്രാര്‍ഥനായജ്ഞങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കരുത്. നോട്ടിസ് നല്‍കുന്നത് നിലയ്ക്കലില്‍ നിന്ന് പുറപ്പെടുമ്പോഴാണ്. നടപടി  ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയെന്നും പൊലീസ് അറിയിച്ചു. തീര്‍ഥാടകര്‍ക്ക് നോട്ടിസ് നല്‍കില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. 

 പ്രതിഷേധക്കാര്‍ക്ക് തടയിടാന്‍ പുല്ലുമേട് കാനനപാതയില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുല്ലുമേട് വഴി  തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് പ്രവേശനമില്ല.പ്രതിഷേധിച്ചവരില്‍ ഏറെയും പുല്ലുമേട് വഴി വന്നവരെന്നാണ് പൊലീസ് പറയുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷമാകും കടത്തിവിടുക. ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി എത്തേണ്ടത്  തിരുവനന്തപുരം, കൊല്ലം ജില്ലക്കാരാണ്. ഇത് മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടിയെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com