35 ശതമാനം നൽകിയിട്ടും ആളില്ല; ലേലത്തിന് കൂടുതൽ ഇളവ് നൽകാനൊരുങ്ങി ദേവസ്വം ബോർഡ്

ശബരിമല സന്നിധാനം ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ കടകളും സ്റ്റാളുകളും ലേലം ചെയ്യാനുള്ള ദേവസ്വം ബോർഡിന്റെ നടപടി നീളുന്നു
35 ശതമാനം നൽകിയിട്ടും ആളില്ല; ലേലത്തിന് കൂടുതൽ ഇളവ് നൽകാനൊരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല സന്നിധാനം ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ കടകളും സ്റ്റാളുകളും ലേലം ചെയ്യാനുള്ള ദേവസ്വം ബോർഡിന്റെ നടപടി നീളുന്നു. ലേലത്തുക സംബന്ധിച്ച് ദേവസ്വം ബോർഡ് ചർച്ച നടത്തിയെങ്കിലും തീരുമാനമൊന്നും എടുത്തില്ല. നട തുറന്നിട്ടും കട അനുവ​ദിക്കുന്നതിലുള്ള കാലതാമസം ബോർഡിന്റെ നഷ്ടം വർധിപ്പിച്ചേക്കും. അടുത്ത യോ​ഗത്തിൽ വിഷയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് ബോർഡ് അം​ഗം കെപി ശങ്കർദാസ് വ്യക്തമാക്കി. 

ലേലത്തുകയുടെ 35 ശതമാനം ഇളവ് നൽകിയിട്ടും ആരും ലേലത്തിനെത്തിയില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഇളവ് നൽകാനാണ് ബോർഡ് ആലോചിക്കുന്നത്. സന്നിധാനം മുതൽ ഇലവുങ്കൽ വരെ 220 കടകളും സ്റ്റാളുകളുമാണ് ലേലത്തിനുള്ളത്. പകുതി പോലും പോയിട്ടില്ല. തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വന്നതോടെ ലേലം പിടിച്ച ചുരുക്കം വ്യാപാരികളാകട്ടെ തുക തിരികെ ആവശ്യപ്പെടാനും തുടങ്ങി. 

നെയ്യഭിഷേകത്തിന് ഉൾപ്പെടെ സന്നിധാനത്ത് ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും യോ​ഗം ചർച്ച ചെയ്തു. ഇപ്പോഴുള്ള സംവിധാനം അപര്യാപ്തമെന്നു കണ്ടാൽ മറ്റ് നടപടികളിലേക്ക് കടക്കും. അപ്പം അരവണ വിതരണത്തിനായി കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com