കറുത്തവനായതുകൊണ്ട് യതീഷ് ചന്ദ്രയ്ക്ക് കേന്ദ്രമന്ത്രിയോട് പുച്ഛം; സസ്‌പെന്‍ഡ് ചെയ്യണമെന്ന് എ എന്‍ രാധാകൃഷ്ണന്‍ 

 സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നതിനെ ചൊല്ലി നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി
കറുത്തവനായതുകൊണ്ട് യതീഷ് ചന്ദ്രയ്ക്ക് കേന്ദ്രമന്ത്രിയോട് പുച്ഛം; സസ്‌പെന്‍ഡ് ചെയ്യണമെന്ന് എ എന്‍ രാധാകൃഷ്ണന്‍ 

പത്തനംതിട്ട:  സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നതിനെ ചൊല്ലി നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. യതീഷ് ചന്ദ്ര ധിക്കാരപൂര്‍വമാണ് മന്ത്രിയോട് പെരുമാറിയത്. കറുത്തവനായത് കൊണ്ടാണോ എസ്പി മന്ത്രിയോട് ഇങ്ങനെ പെരുമാറിയതെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തിനെതിരെ കേന്ദ്രആഭ്യന്തരവകുപ്പിന് പരാതി നല്‍കുമെന്ന് ബിജെപി അറിയിച്ചു.

രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ ഓച്ഛാനിച്ച് നിന്ന ആളാണ്. കേന്ദ്രമന്ത്രിയെ കണ്ടപ്പോള്‍ കറുത്തവനായതുകൊണ്ട് അദ്ദേഹത്തോട് പരമമായ പുച്ഛം. ഇതെന്ത് നീതിയാണ്. ഞങ്ങളോട് മാത്രം എന്തിനാണ് കാട്ടുനീതി പ്രഖ്യാപിക്കുന്നതെന്ന്  എ എന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയല്ലേ. ഈ തെമ്മാടിത്തരവുമായി മുന്നോട്ടുപോകാന്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. അടിയന്തരമായി ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.മന്ത്രിയോട് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരായ ഭക്തരോട് എസ്പി എങ്ങനെയാണ് പെരുമാറുക എന്ന് രാധാകൃഷ്ണന്‍ ചോദിച്ചു. 

പിണറായി വിജയന്റെ പ്രേതം പിടികൂടിയിരിക്കുകയാണോ എന്ന് രാധാകൃഷ്ണന്‍ ചോദിച്ചു. പിണറായിയെ കണ്ടുളള അഹങ്കാരവും ഹുങ്കുമാണ്. ഇതാണ് ഇയാള്‍ അവിടെ പ്രയോഗിച്ചതെന്നും രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. 

ശബരിമല ദര്‍ശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ്പി യതീഷ് ചന്ദ്രയുമായി നിലയ്ക്കലില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തത് മന്ത്രി ചോദ്യം ചെയ്തു. പമ്പയില്‍ പാര്‍ക്കിങ് സൗകര്യമില്ലെന്ന് എസ്പി മറുപടി നല്‍കി. സര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോ, പിന്നെ എന്തുകൊണ്ടാണ് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതെന്ന് മന്ത്രി ചോദിച്ചു. തന്റെ വാഹനവും കടത്തിവിടില്ലേയെന്നും മന്ത്രി ആരാഞ്ഞു. വിഐപി വാഹനങ്ങള്‍ക്കു പോവാന്‍ അനുവാദമുണ്ടെന്ന് എസ്പി അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വന്‍ ഗതാഗതക്കുരുക്കുണ്ടാവുമെന്ന് എസ്പി പറഞ്ഞു.

തുടര്‍ന്നും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍  മന്ത്രി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നായി എസ്പി. പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും എസ്പി വിശദീകരിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ ഇക്കാര്യം ഉത്തരവായി എഴുതി നല്‍കണമെന്ന് എസ്പി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും തനിക്ക് അതിനുള്ള അധികാരമില്ലെന്നു പറഞ്ഞ് മന്ത്രി പിന്തിരിഞ്ഞു. ഇതിനിടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ എസ്പിക്കു നേരെ തട്ടിക്കയറിയെങ്കിലും പൊലീസ് പ്രതികരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com