കോലം കത്തിക്കല്‍, ബസ് തടയല്‍; എസ്.പി യതീഷ് ചന്ദ്രയ്ക്ക് എതിരെ തിരുവനന്തപുരത്തും തൃശൂരും പ്രതിഷേധം: എസ്പി തിരിച്ചെത്തിയാലും വിടില്ലെന്ന് ബിജെപി

നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ തിരുവനന്തപുരത്തും തൃശ്ശൂരും തക്കലയിലും ബിജെപി പ്രതിഷേധം.
കോലം കത്തിക്കല്‍, ബസ് തടയല്‍; എസ്.പി യതീഷ് ചന്ദ്രയ്ക്ക് എതിരെ തിരുവനന്തപുരത്തും തൃശൂരും പ്രതിഷേധം: എസ്പി തിരിച്ചെത്തിയാലും വിടില്ലെന്ന് ബിജെപി

തിരുവനന്തപുരം: നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ തിരുവനന്തപുരത്തും തൃശ്ശൂരും തക്കലയിലും ബിജെപി പ്രതിഷേധം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്.പി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ എസ്.പിയുടെ കോലം കത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ നേതൃത്വത്തില്‍ അന്‍പതോളം പേരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. കേരള-തമിഴ്‌നാട് അതിര്‍ത്ത് ഗ്രാമമായ തക്കലയിലും യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കേരളത്തില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ തടഞ്ഞായിരുന്നു പ്രതിഷേധം. നാഗര്‍കോവിലിലേക്ക് പോയ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകളും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഒരു ബസ്സും തടഞ്ഞു.

തൃശ്ശൂരില്‍ സിറ്റി പൊലീസ് കമ്മീഷറുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡ് തീര്‍ത്ത് പ്രതിഷേധക്കാരെ തടഞ്ഞു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് യതീഷ് ചന്ദ്ര തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറായി തിരിച്ചെത്തിയാലും പ്രതിഷേധം തുടരുമെന്നാണ് ബിജെപിയുടെ നിലപാട്.

നേരത്തെ ശബരിമല സന്ദര്‍ശിക്കുന്നതിനായി  നിലയ്ക്കലില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ബിജെപി നേതാക്കളും എസ്.പി യതീഷ് ചന്ദ്രയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തനിക്കൊപ്പം വന്നവരുടെ വാഹനങ്ങളെല്ലാം പമ്പയിലേക്ക് കടത്തി വിടണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം. എന്നാല്‍, മന്ത്രിയുടെ വാഹനം കടത്തിവിടാമെന്നും മറ്റുള്ളവ കടത്തിവിടില്ലെന്നും എസ്.പി നിലപാടെടുത്തു. ഇതോടെയാണ് എസ്.പിയും ബിജെപി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. 

കേരളത്തിലെ മന്ത്രിക്ക് എതിരെ എസ്.പി ഇത്തരത്തില്‍ പെരിമാറുമോ എന്ന് പൊന്‍ രാധാകൃഷ്ണന്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദിച്ചു. ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമോ എന്നാണ് എസ്പി ചോദിച്ചത്. ഈ ചോദ്യം അദ്ദേഹം കേരളത്തിലെ മന്ത്രിമാരോട് ചോദിക്കുമോ? അതവര്‍ അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com