പ്രവര്‍ത്തകരുടെ എതിര്‍പ്പിന് പുല്ലുവില; പി.കെ ശശി നയിക്കുന്ന കാല്‍നട പ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കം

പീഡന ആരോപണം നേരിടുന്ന എംഎല്‍എ ജാഥയുടെ ക്യാപ്റ്റനാകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഇത് വകവെക്കാതെയാണ് ജില്ല നേതൃത്വം ജാഥയുമായി മുന്നോട്ടുപോകുന്നത്
പ്രവര്‍ത്തകരുടെ എതിര്‍പ്പിന് പുല്ലുവില; പി.കെ ശശി നയിക്കുന്ന കാല്‍നട പ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കം

പാലക്കാട്‌; സിപിഎമ്മിലെ ഒരു വിഭാഗം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ക്കിടെ  പികെ ശശി എംഎല്‍എ നയിക്കുന്ന കാല്‍നടപ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. പീഡന ആരോപണം നേരിടുന്ന എംഎല്‍എ ജാഥയുടെ ക്യാപ്റ്റനാകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഇത് വകവെക്കാതെയാണ് ജില്ല നേതൃത്വം ജാഥയുമായി മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ യുവജന സംഘടനകള്‍ ജാഥയ്‌ക്കെതിരെ പ്രതിഷേധം സംഘിപ്പിച്ചേക്കും.

ഇന്ന് വൈകീട്ട് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തിരുവാഴിയോട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ജാഥ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ 25 വരെയാണ് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പര്യടനം. ആരോപണവിധേയനായ പി.കെ.ശശിയെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ച പാര്‍ട്ടി തീരുമാനത്തിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി  യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ വനിത നേതാവാണ് ശശിയ്‌ക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയത്. സിപിഎം സംസ്ഥാന സമിതി യോഗം ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കുകയാണ്. 

ശബരിമല വിഷയത്തില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ് ശശി ഉദ്ഘാടനം ചെയ്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ അവഗണിച്ച് ശശിയെ തന്നെ ജാഥാ ക്യാപ്റ്റനായി ജില്ലാ നേതൃത്വം തീരുമാനിച്ചു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരും വരെ ശശിയെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. 23 ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ശശിക്കെതിരായ റിപ്പോര്‍ട്ട് ചര്‍ച്ചയാകും. കടുത്ത നടപടിയിലേക്ക് പാര്‍ട്ടി നീങ്ങില്ലെന്ന് ശശിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com