മീന്‍ വലയില്‍ കറുത്ത ഗോളം കുടുങ്ങി; വെള്ളത്തില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ തീ പിടിച്ചു; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

ചൈനീസ് പടക്കം പൊട്ടുന്ന ശബ്ദത്തോടെയാണ് ഈ വസ്തു കത്തിയത്
മീന്‍ വലയില്‍ കറുത്ത ഗോളം കുടുങ്ങി; വെള്ളത്തില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ തീ പിടിച്ചു; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

കൊച്ചി; കായലില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ വലയില്‍ കുടുങ്ങിയ കറുത്തഗോളം നാട്ടുകാരെ പരിഭ്രാന്തരാക്കി. വലയില്‍ കുടുങ്ങിയ കറുത്ത ഗോളാകൃതിയിലുള്ള വസ്തു വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത ഉടനെ കത്തുപിടിച്ചതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. ഇടക്കൊച്ചി കായലില്‍ നിന്നാണ് അത്ഭുത വസ്തു വലയില്‍ കുടുങ്ങിയത്. 

ഇടക്കൊച്ചി, പൂത്തുറ വീട്ടില്‍ സുരേഷിന്റെ നീട്ടുവലയിലാണ് സ്‌ഫോടക വസ്തു കുടുങ്ങിയത്. വെള്ളത്തില്‍ നിന്ന് പുറത്തേക്ക് എടുത്ത ഉടനെ ഇതില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങി. ഇത് കണ്ട് പരിഭ്രാന്തനായ സുരേഷ് ഇതെടുത്ത് കരയിലേക്ക് എറിഞ്ഞു. അവിടെ കിടന്നാണ് തീ പിടിച്ചത്. ചൈനീസ് പടക്കം പൊട്ടുന്ന ശബ്ദത്തോടെയാണ് ഈ വസ്തു കത്തിയത്. നല്ല തീയും പുകയും ഉയര്‍ന്നു. 

മാലപ്പടക്കത്തിന് തീപിടിച്ച പോലെയാണ് ഇത് കത്തിയത്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ഒരു കിലോഗ്രാംഭാരമുള്ള വസ്തുവായിരുന്നു ഇത്. പ്രളയശേഷം ഈ രീതിയില്‍ ശബ്ദത്തോടെ കത്തുന്ന കറുത്ത നിറമുള്ള വസ്തു പലതവണ ഇടക്കൊച്ചി കായലില്‍ നിന്ന് ലഭിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പക്ഷേ പരിശോധനയൊന്നും ഉണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com