5000 രൂപയുടെ സമ്മാനം ലഭിച്ചില്ല, നിരാശയില്‍ ഉപേക്ഷിച്ചു; ഏജന്റ് അരിച്ചുപെറുക്കി പത്തുലക്ഷം രൂപയുടെ ടിക്കറ്റ് കണ്ടെടുത്തു; പടികടന്നു പോയ ഭാഗ്യദേവതയെ തിരികെ വിളിച്ചത് ഇങ്ങനെ

പടികടന്നു പോയ ഭാഗ്യദേവതയെ തിരികെ വിളിച്ച് തന്റെ കൈപിടിപ്പിച്ചതിന്റെ ആഹ്ലാദത്തിലാണു വരിക്കാംകുന്ന് സ്വദേശി ദീപക്
5000 രൂപയുടെ സമ്മാനം ലഭിച്ചില്ല, നിരാശയില്‍ ഉപേക്ഷിച്ചു; ഏജന്റ് അരിച്ചുപെറുക്കി പത്തുലക്ഷം രൂപയുടെ ടിക്കറ്റ് കണ്ടെടുത്തു; പടികടന്നു പോയ ഭാഗ്യദേവതയെ തിരികെ വിളിച്ചത് ഇങ്ങനെ

കൊച്ചി: പടികടന്നു പോയ ഭാഗ്യദേവതയെ തിരികെ വിളിച്ച് തന്റെ കൈപിടിപ്പിച്ചതിന്റെ ആഹ്ലാദത്തിലാണു വരിക്കാംകുന്ന് സ്വദേശി ദീപക്. എടുത്ത ടിക്കറ്റിന് 5000 രൂപയുടെ സമ്മാനം ലഭിച്ചില്ലെന്ന നിരാശയില്‍ ടിക്കറ്റ് ഉപേക്ഷിച്ച ദീപക്കിനെയാണ് ഭാഗ്യദേവത വീണ്ടും കടാക്ഷിച്ചത്. ടിക്കറ്റ് ഏജന്റ് വിജയന്റെ സമയോചിതമായ ഇടപെടലാണ് ദീപക്കിന് ഭാഗ്യം കൈപ്പിടിയിലൊതുക്കാന്‍ സഹായകമായത്. 

തൃപ്പൂണിത്തുറയിലാണ് സംഭവം. കേരള ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് നറുക്കെടുപ്പില്‍ താന്‍ വിറ്റ ടിക്കറ്റിന് രണ്ടാം സ്ഥാനമായ പത്തുലക്ഷം രൂപ ലഭിച്ചതായി കഴിഞ്ഞ എട്ടിനു തന്നെ ഏജന്റ് കരവട്ടെ ചേലയ്ക്കല്‍ വിജയന്‍ മനസ്സിലാക്കി. എന്നാല്‍, ടിക്കറ്റ് എടുത്തത് ആരെന്ന സന്ദേഹം ബാക്കി. ഒടുവില്‍ സംശയ നിവൃത്തിവരുത്താനാണ് ദീപക്കിനെ തേടിപ്പിടിച്ചത്.

5000 രൂപയുടെ സമ്മാനം നോക്കി ഇല്ലെന്ന് ഉറപ്പുവരുത്തിയ ടിക്കറ്റ് അപ്പോള്‍ തന്നെ ഉപേക്ഷിച്ചെന്നായിരുന്നു ദീപക്കിന്റെ മറുപടി. രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച ഹോട്ടലിനു മുന്‍പിലെ റോഡില്‍ അരിച്ചുപെറുക്കി ടിക്കറ്റ് കണ്ടെടുക്കുകയായിരുന്നു. നനഞ്ഞു ചുളിഞ്ഞ് ലോട്ടറി ടിക്കറ്റ്  കിടക്കുന്നത് വിജയന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റാണ് എന്ന് സ്ഥിരീകരിച്ചു.   കല്‍പ്പണിക്കാരനാണു ദീപക്. സമ്മാനാര്‍ഹമായ ടിക്കറ്റ് തിരുവനന്തപുരത്ത് ട്രഷറിയില്‍ നല്‍കി. കാശുമുടക്കിയെടുത്ത ലോട്ടറി ടിക്കറ്റിനു സമ്മാനമുണ്ടോയെന്നു നോക്കാനുള്ള ക്ഷമയെങ്കിലും കാട്ടണമെന്നാണു വിജയന്റെ ഉപദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com