ജാതീയമായ അധിക്ഷേപം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയുമായി ഐപിഎസ് അസോസിയേഷന്‍

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് നേരിട്ടു ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാക്കുന്നു
ജാതീയമായ അധിക്ഷേപം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയുമായി ഐപിഎസ് അസോസിയേഷന്‍

തിരുവനന്തപുരം: പൊലീസുകാരെ ജാതിപരവും വ്യക്തിപരവുമായി ആക്ഷേപിക്കുന്നതിനെതിരെ ഐ.പി.എസ് അസോസിയേഷന്‍ രംഗത്ത്. ജുഡീഷ്യറിയില്‍ നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് ആവശ്യം. ഐ.പി.എസ് അസോസിയേഷന്‍ പരാതി മുഖ്യമന്ത്രിക്കും ഡി ജി പി ക്കും കൈമാറി.  

ശബരിമല തീര്‍ഥാടന നിയന്ത്രണ ചുമതലയുള്ള ഐ.ജി.വിജയ് സാഖറെ, എസ്.പി.യതീഷ് ചന്ദ്ര എന്നിവര്‍ക്കെതിരെയുള്ള കോടതി പരാമര്‍ശവും, ഐ.ജി മനോജ് എബ്രഹാം, യതീഷ്ചന്ദ്ര എന്നിവര്‍ക്കെതിരെ ബിജെപിയുടെ രൂക്ഷപ്രതികരണമാണ് നിലപാട് കുടപ്പിക്കാന്‍ ഐ.പി.എസ് അസോസിയേഷനെ പ്രേരിപ്പിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് നേരിട്ടു ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാക്കുന്നു. ജുഡീഷ്യറിയില്‍ നിന്നു പോലും പരാമര്‍ശങ്ങളുണ്ടാക്കുന്നതിനാല്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരുമെന്നും, അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഇതില്‍ ഇടപെടലുണ്ടായില്ലെങ്കില്‍ മനോവീര്യം തകര്‍ന്ന കൂട്ടമായി പൊലീസ് മാറുമെന്നും പറയുന്നു. നേരത്തെ നിലയ്ക്കലില്‍ കടുത്ത നിലപാടെടുത്തിരുന്ന ഐ.ജി മനോജ് എബ്രഹാമിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന നിലപാട് ബി ജെ പിയുടെ ഭാഗത്തു നിന്നുണ്ടായപ്പോള്‍ ഐ പി എസ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി കറുത്തവനായതുകൊണ്ടാണ് യതീഷ് ചന്ദ്ര  മോശമായി പെരുമാറിയതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com