തേച്ചില്ല ഈ തേപ്പുകാരൻ; ഉടമയെ കാത്ത് ആ പതിനായിരം രൂപ ഇവിടെയുണ്ട്

ഇസ്തിരിയിടാൻ കൊണ്ടുവന്ന വസ്ത്രങ്ങളിൽ ഒരു ജീൻസിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച 10,000 രൂപയുടെ ഉടമയെ കാത്ത് ഒരു തേപ്പ് കടക്കാരൻ
തേച്ചില്ല ഈ തേപ്പുകാരൻ; ഉടമയെ കാത്ത് ആ പതിനായിരം രൂപ ഇവിടെയുണ്ട്

കൊച്ചി: ഇസ്തിരിയിടാൻ കൊണ്ടുവന്ന വസ്ത്രങ്ങളിൽ ഒരു ജീൻസിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച 10,000 രൂപയുടെ ഉടമയെ കാത്ത് ഒരു തേപ്പ് കടക്കാരൻ. തൃക്കാക്കര തോപ്പിൽ തേപ്പ് കട നടത്തുന്ന പ്രമോദാണ് പണത്തിന്റെ ഉടമയെ കാത്തിരിക്കുന്നത്. ജീൻസ് അലക്കിയപ്പോൾ നനഞ്ഞ് കുതിർന്നിട്ടും പിന്നീട് ഇസ്തിരിയുടെ ചൂടേറ്റിട്ടും 500 രൂപയുടെ 20 നോട്ടുകൾ നശിക്കാതെ പാന്റ്സിന്റെ പോക്കറ്റിൽ ഭ​ദ്രമായി തന്നെ ഇരുന്നു. 

ചൊവ്വാഴ്ച രാ​വിലെ ഇസ്തിരിയിടാനായി കടയിലെത്തിച്ച വസ്ത്രങ്ങളുടെ കൂട്ടത്തിലുള്ള ജീൻസിലാണ് 10,000 രൂപ ഉടമ മറന്നുവച്ചത്. വല്ലപ്പോഴും ഇഉസ്തിരിയിടാൻ കൊണ്ടുവരുന്ന ആളെന്നല്ലാതെ മറ്റു പരിചയമൊന്നും ഉടമയെപ്പറ്റി പ്രമോദിനില്ല. 

തേച്ചുവച്ച വസ്ത്രങ്ങൾ വാങ്ങാൻ വരുമ്പോൾ പണം തിരിച്ചേൽപ്പിക്കാമെന്ന് കരുതിയാണ് പ്രമോദ് പണം സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ വസ്ത്രം ഏൽപ്പിച്ചയാൾ പ്രമോദ് കടയിൽ ഇല്ലാത്ത സമയത്തെത്തി വസ്ത്രങ്ങൾ വാങ്ങിപ്പോയി. ജീൻസിന്റെ പോക്കറ്റിൽ 10,000 രൂപ വെച്ചതറിയാതെയാകും ഇയാൾ വസ്ത്രങ്ങൾ ഏൽപ്പിച്ചത് എന്നാണ് കരുതുന്നത്. നാട്ടുകാരെ സാക്ഷ്യപ്പെടുത്തിയാണ് പ്രമോദ് പണം സൂക്ഷിച്ചിരിക്കുന്നത്. 

പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ പ്രമോദ് 18 വർഷമായി തൃക്കാക്കരയിലാണ് താമസം. പച്ചക്കറി കട നടത്തി പരാജയപ്പെട്ട ശേഷമാണ് പ്രമോദ് തേപ്പ് കട തുടങ്ങിയത്. അടുത്ത തവണ ഉടമയെത്തുമ്പോൾ പണം തിരികെ നൽകാമെന്ന പ്രതീക്ഷയിലാണ് പ്രമോദ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com