നിയമസഭയിലേക്ക് ചാടിക്കയറാനില്ല; സ്പീക്കറുടെ പ്രതികരണം അസ്ഥാനത്ത്: കെ.എം ഷാജി

കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മാത്രം കണക്കിലെടുത്തു തന്നെ നിയമസഭയില്‍ കയറ്റാന്‍ കഴിയില്ലെന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പ്രതികരണം അസ്ഥാനത്തായിപ്പോയെന്ന് കെ.എം ഷാജി
നിയമസഭയിലേക്ക് ചാടിക്കയറാനില്ല; സ്പീക്കറുടെ പ്രതികരണം അസ്ഥാനത്ത്: കെ.എം ഷാജി

തിരുവനന്തപുരം: കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മാത്രം കണക്കിലെടുത്തു തന്നെ നിയമസഭയില്‍ കയറ്റാന്‍ കഴിയില്ലെന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പ്രതികരണം അസ്ഥാനത്തായിപ്പോയെന്ന് കെ.എം ഷാജി എംഎല്‍എ. നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ല.  അപ്പീലില്‍ സുപ്രീം കോടതി ഉത്തരവ് വരും വരെ കാത്തിരിക്കുമെന്നും ഷാജി ഡല്‍ഹിയില്‍ പറഞ്ഞു.

സുപ്രീംകോടതിയുടെ വാക്കാലുള്ള നിര്‍ദേശം അംഗീകരിക്കേണ്ട ബാധ്യത നിയമസഭയ്ക്കില്ല എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. കോടതിയുടെ രേഖാമൂലമുള്ള അറിയിപ്പ് വേണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അയോഗ്യത കല്‍പ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീല്‍ ഉടന്‍ കേള്‍ക്കണമെന്ന കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇത് പറഞ്ഞത്. അപ്പീല്‍ പരിഗണിക്കാന്‍ തിയതി നിശ്ചയിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഴീക്കോട് എംഎല്‍എയായ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തെരഞഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷം വിലക്കും കല്‍പ്പിച്ചിട്ടുണ്ട്. ഇതു ചോദ്യം ചെയ്താണ് ഷാജി സുപ്രിം കോടതിയെ സമീപിച്ചത്. ഇന്നു രാവിലെ ചീഫ് ജസ്റ്റിസ് കോടതിക്കു മുമ്പാകെ ഷാജിയുടെ അഭിഭാഷകന് കേസ് മെന്‍ഷന്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്‌റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയി തുടരാനാവില്ലെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഷാജിക്കു സഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എ്ന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പാറ്റാനാവില്ലെന്നും വാക്കാല്‍ പറഞ്ഞു.

സുപ്രിം കോടതിയില്‍ അപ്പീല്‍ അപ്പീല്‍ നല്‍കുന്നതിന് സ്‌റ്റേ അനുവദിക്കണമെന്ന ഷാജിയുടെ അപേക്ഷ നേരത്തെ ഹൈക്കോടതി അംഗാകരിച്ചിരുന്നു. തെരഞ്ഞെടുപ്പു കേസില്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പിഡി രാജന്റെ ബെഞ്ച് തന്നെയാണ് സ്‌റ്റേ അനുവദിച്ചത്. സ്‌റ്റേ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഷാജിയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി, എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഷാജിക്ക് ആറു വര്‍ഷത്തേക്ക് അയോഗ്യതയും കല്‍പ്പിച്ചിട്ടുണ്ട്.

ഇസ്ലാം മതസ്ഥരുടെ ഇടയില്‍ വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് ഹര്‍ജി നല്‍കിയത്. കെഎം ഷാജിക്ക് എംഎല്‍എ ആയി തുടരാന്‍ അവകാശമില്ലെന്ന് ജസ്റ്റിസ് പിഡി രാജന്‍ വിധിയില്‍ വ്യക്തമാക്കി. നികേഷ് കുമാറിന് 50,000 രൂപ കോടതി ചെലവു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി.

വാശിയേറിയ പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നികേഷ് കുമാറിനെ 2642 വോട്ടിനാണ് മുസ്ലിം ലീഗിലെ കെഎം ഷാജി തോല്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com