വക്കീലിന് നഗരസഭ ഫീസ് നല്‍കിയില്ല; കോടതി കൊച്ചി നഗരസഭയുടെ കണ്ണായഭൂമി ലേലം ചെയ്യുന്നു

വക്കീലിന് നഗരസഭ ഫീസ് നല്‍കിയില്ല; കോടതി കൊച്ചി നഗരസഭയുടെ കണ്ണായഭൂമി ലേലം ചെയ്യുന്നു
വക്കീലിന് നഗരസഭ ഫീസ് നല്‍കിയില്ല; കോടതി കൊച്ചി നഗരസഭയുടെ കണ്ണായഭൂമി ലേലം ചെയ്യുന്നു

കൊച്ചി: കൊച്ചി നഗരസഭയുടെ കേസുകള്‍ നടത്തിയതിന് അഭിഭാഷകന് ഫീസ് നല്‍കിയില്ലെന്ന പരാതിയില്‍ കോടതി നടപടികള്‍ തുടങ്ങി. അഭിഭാഷകന് ഫീസ് നല്‍കാന്‍ നഗരസഭ കൂട്ടാക്കത്തതിനാല്‍  നഗരസഭയുടെ മട്ടാഞ്ചേരി പറവാന മുക്കിലുള്ള ഒരു സെന്റ് ഭൂമി ലേലം ചെയ്ത് വില്‍ക്കാനാണ് കോടതി നിര്‍ദ്ദേശം. ലേല നടപടികള്‍ ബുധനാഴ്ച നടക്കും. ഇതിനുള്ള നോട്ടീസ് നഗരസഭയുടെ ഭുമിക്ക് സമീപം പതിച്ചിട്ടുണ്ട്.

നഗരസഭയുടെ സ്റ്റാന്റിങ് കോണ്‍സലായിരുന്ന കൊച്ചി സ്വദേശി കെഎ സലീം 2010 മുതല്‍ നഗരസഭയ്ക്ക് വേണ്ടി നടത്തിയ കേസുകള്‍ക്കുള്ള ഫീസ് നല്‍കിയില്ലെന്നാണ് പരാതി. അമ്പതോളം കേസുകളുടെ ഫീസ്, അതിന്റെ പലിശ, കോടതിച്ചെലവ് എന്നീ ഇനങ്ങളിലായി 2,60,431 രൂപ നഗരസഭ നല്‍കാനുള്ളതായാണ് കണക്കാക്കുന്നത്. തുകലഭിക്കാത്തതിനാല്‍ 2013ലാണ് സലീം കോടതിയെ സമീപിച്ചത്. 2016 ജൂണില്‍ കൊച്ചി മുന്‍സീഫ് കോടതിയില്‍ നിന്ന് അനുകൂല വിധിയുമുണ്ടായി. എന്നിട്ടും നഗരസഭ അഭിഭാഷകന്റെ ഫീസ് നല്‍കാന്‍ തയ്യാറായില്ല. പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും പണം ലഭിച്ചില്ല.

ഇതേത്തുടര്‍ന്ന് വിധി നടത്തിയെടുക്കുന്നതിന് സലീം 2017ല്‍ വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കി. ആ ഹര്‍ജി പരിഗണിച്ച് മട്ടാഞ്ചേരി പറവാനമുക്കിലെ കണ്ണായ സ്ഥലത്ത് നിന്ന് ഒരു സെന്റ് ഭൂമി അറ്റാച്ച് ചെയ്ത് കോടതി നടപടിയുണ്ടായി. ഈ ഭൂമിയാണ് ഇപ്പോള്‍ ലേലം ചെയ്ത് വില്‍ക്കുന്നത്.

വ്യാഴാഴ്ച ലേലം നടക്കും. 2013 കാലത്ത് കേസ് നടത്തിയ ഇനത്തില്‍ ഫീസായി ലഭിക്കേണ്ട തുകയ്ക്ക് മറ്റൊരുകേസും കോടതിയില്‍ നല്‍കിയിട്ടുള്ളതായി സലീം പറഞ്ഞു. ദീര്‍ഘകാലം കൊച്ചി നഗരസഭയുടെ കോണ്‍സലായി സലീം പ്രവര്‍ത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com