ശബരിമലയില്‍ നിരോധനാജ്ഞ തുടരും; നാല് ദിവസത്തേക്കു കൂടി നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ശബരിമലയില്‍ നിരോധനാജ്ഞ തുടരും; നാല് ദിവസത്തേക്കു കൂടി നീട്ടി

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നാല് ദിവസത്തേക്കാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ഇലവുങ്കല്‍,പമ്പ,നിലയ്ക്കല്‍,സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെയും എഡിഎമ്മിന്റെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കലക്ടര്‍ നാല് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ പിന്‍വലിക്കാമെന്ന് നേരത്തെ റാന്നി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ജനുവരി പതിനാല് വരെ നിരോധനാജ്ഞ നീട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

നിരോധനാജ്ഞ തീര്‍ത്ഥാടകരെ ബാധിക്കില്ല. വാഹനങ്ങള്‍ തടയില്ല. ഒറ്റയ്‌ക്കോ കൂട്ടമായോ ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് എത്തുന്നതിന് നിരോധനമില്ല. ശരണം വിളിക്ക് വിലക്കില്ലെന്നും കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. 

നിലവില്‍ സന്നിധാനം, നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ അയവ് വരുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശരണം വിളിക്കാനും കൂട്ടമായി പോകാനും അനുവദിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമേ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം രാത്രി യാത്രാവിലക്ക് നീക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തിലേക്കും യാത്ര ചെയ്യാമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com