സാഹസിക യാത്ര വേണ്ട; വാതിൽ ഇല്ലാതെ ഓടിയ 232 സ്വകാര്യ ബസുകൾക്ക് പൂട്ടിട്ടു

എറണാകുളം ജില്ലയിൽ വാതിൽപ്പാളികൾ ഇല്ലാതെയും ഉള്ളവ കെട്ടിവച്ച് ഓടുകയും ചെയ്യുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
സാഹസിക യാത്ര വേണ്ട; വാതിൽ ഇല്ലാതെ ഓടിയ 232 സ്വകാര്യ ബസുകൾക്ക് പൂട്ടിട്ടു

കൊച്ചി: എറണാകുളം ജില്ലയിൽ വാതിൽപ്പാളികൾ ഇല്ലാതെയും ഉള്ളവ കെട്ടിവച്ച് ഓടുകയും ചെയ്യുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. വാതിൽ ഘടിപ്പിക്കാതെ സർവീസ് നടത്തിയ 232 ബസുകൾക്കെതിരെ കേസെടുത്തു. ബുധനാഴ്ച ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ബസുകൾ കുടുങ്ങിയത്. 

ബസുകൾക്ക് വാതിൽ നിർബന്ധമാക്കിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന കർശനമാക്കി വകുപ്പ് രം​ഗത്തെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജോയിന്റ് ആർടിഒ വ്യക്തമാക്കി.

പത്ത് സ്ക്വാഡുകളായി തിരിഞ്ഞ് കാക്കനാട്, തൃപ്പൂണിത്തുറ, ആലുവ, കളമശേരി, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. വാതിലുകൾ അഴിച്ചുമാറ്റിയും ഉള്ളവ കെട്ടിവച്ച് ഓടുകയും ചെയ്ത ബസുകൾക്കെതിരെയും ഓടുന്നതിനിടെ ഡോറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്ത ജീവനക്കാർക്കെതിരെയും നടപടിയെടുത്തു. 

ജില്ലയിൽ ഓടുന്ന പല സ്വകാര്യ ബസുകളിൽ പലതിനും വാതിൽപ്പാളികളില്ല. വാതിൽ ഉണ്ടെങ്കിൽ തന്നെ അവ കെട്ടിവച്ചാണ് ബസുകൾ ഓടുന്നത്. ഇനി  കെട്ടിവയ്ക്കാത്ത വാതിലുകളാണെങ്കിലോ, അവ അടയ്ക്കേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്വമായി മാറുകയുമാണ്. യാത്രക്കാർക്കാകട്ടെ എത്രയും വേഗം ബസിൽ കയറിപ്പറ്റുകയും അതോടൊപ്പം വാതിൽ അടയ്ക്കുകയും ചെയ്യേണ്ട സാഹസിക പ്രവൃത്തിയാകുകയാണ്. ഇങ്ങനെ പെട്ടെന്നു വാതിൽ അടയ്ക്കുമ്പോൾ കാലി‍ൽ വാതിലടിച്ച് പലർക്കും പരുക്കേൽക്കുകയും ചെയ്യുന്നു. യാത്രക്കാർ ബസിൽ നിന്ന് തെറിച്ചുവീണ് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് വകുപ്പ് ബസുകൾക്ക് വാതിലുകൾ നിർബന്ധമാക്കി ഉത്തരവിട്ടത്. 

ഉൾപ്രദേശങ്ങളിലോടുന്ന ബസുകൾക്ക് നിലവിൽ വാതിലുകൾ ഉണ്ട്. എന്നാൽ സിറ്റി പെർമിറ്റിൽ ഓടുന്ന ബസുകൾക്ക് ഈ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചിരുന്നു. ഇത് ഒഴിവാക്കി കേരള മോട്ടോർ വാഹന നിയമം 28ാം വകുപ്പിലെ രണ്ടാം ഉപ വകുപ്പ് ഭേദ​ഗതി ചെയ്താണ് പുതിയ ഉത്തരവ് ഇറക്കിയത്. എറണാകുളം റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് സിറ്റി ബസുകൾക്ക് വാതിൽ ഘടിപ്പിക്കാൻ ശുപാർശ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com