സുരേന്ദ്രന് കുരുക്കു മുറുകുന്നു, പുതിയ കേസ്; 52 കാരിയെ തടഞ്ഞസംഭവത്തില്‍ ഗൂഡാലോചന നടത്തി 

ശബരിമല കേസില്‍ കടുത്ത ഉപാധികളോടെ ജാമ്യം ലഭിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പുതിയ കേസ്
സുരേന്ദ്രന് കുരുക്കു മുറുകുന്നു, പുതിയ കേസ്; 52 കാരിയെ തടഞ്ഞസംഭവത്തില്‍ ഗൂഡാലോചന നടത്തി 

പത്തനംതിട്ട: ശബരിമല കേസില്‍ കടുത്ത ഉപാധികളോടെ ജാമ്യം ലഭിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പുതിയ കേസ്. ചിത്തിര ആട്ടപൂജയ്ക്കായി ശബരിമല നടതുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ തടഞ്ഞസംഭവത്തിലാണ് സുരേന്ദ്രനെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്. 

സന്നിധാനത്തിന് സമീപം വച്ച് തൃശൂര്‍ സ്വദേശിനി ലളിതക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഡാലോചന നടത്തി എന്നതാണ് കേസിന് ആധാരം. ഗൂഡാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പായ 120(ബി) ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ പ്രതിയായ സൂരജിന്റെ എഫ്ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഡാലോചന നടത്തിയതായി തെളിഞ്ഞതായി പൊലീസ് പറയുന്നു. 

പൊലീസ് നിയന്ത്രണം മറികടന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ  കെ സുരേന്ദ്രന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. രണ്ടു മാസത്തേക്കു ശബരിമലയില്‍ പോവരുതെന്ന ഉപാധികളോടെയാണ് പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചത്.

ശബരിമല പ്രദേശം ഉള്‍പ്പെട്ട റാന്നി താലൂക്കില്‍ പോലും രണ്ടു മാസത്തേക്കു പ്രവേശിക്കരുതെന്നാണ് ജാമ്യത്തിനുള്ള ഉപാധിയായി കോടതി ആവശ്യപ്പെട്ടത്. 40,000 രൂപ ജാമ്യത്തുകയും കെട്ടിവയ്ക്കണം.

കഴിഞ്ഞ ശനിയാഴ്ച നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രന്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രന് മേല്‍ ചുമത്തിയത്. പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. 

ഇതിനിടെ തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com