ഒഴിവാക്കൽ തീരുമാനം വേദനിപ്പിച്ചു, ഇടതുപക്ഷരീതികള്‍ക്ക് യോജിക്കാത്ത നടപടിയെന്ന് മാത്യൂ ടി തോമസ് 

രാജി എപ്പോഴെന്ന് തിരുവനന്തപുരത്ത് എത്തിയശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു
ഒഴിവാക്കൽ തീരുമാനം വേദനിപ്പിച്ചു, ഇടതുപക്ഷരീതികള്‍ക്ക് യോജിക്കാത്ത നടപടിയെന്ന് മാത്യൂ ടി തോമസ് 

ബംഗളൂരു:  ജലവിഭവമന്ത്രി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാനുള്ള തീരുമാനം വേദനിപ്പിച്ചുവെന്ന് മാത്യു ടി തോമസ്. തന്നെ ഒഴിവാക്കാന്‍ വേണ്ടി ഇടതുപക്ഷരീതികള്‍ക്ക് യോജിക്കാത്ത നടപടികളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സംഘടനാതീരുമാനത്തിന് വഴിപ്പെടാൻ ബാധ്യസ്ഥനാണെന്നും രാജി എപ്പോഴെന്ന് തിരുവനന്തപുരത്ത് എത്തിയശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
 
തീരുമാനം മനസ്സിനെ മുറിവേല്‍പ്പിച്ചെന്നും പാർട്ടിയോടൊപ്പം തുടരുമെന്നും ഇടതുപക്ഷത്തോടൊപ്പം എന്നുമുണ്ടാകുമെന്നും മാത്യു ടി തോമസ് പറഞ്ഞു.  നീതിപൂര്‍വം പ്രവര്‍ത്തിച്ചത് അനിഷ്ടങ്ങളുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കുടുംബത്തെയും തന്നെയും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായെന്നും മാത്യു ടി തോമസ് കൂട്ടിച്ചേർ‌ത്തു. 

രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിപദം പാര്‍ട്ടിയില്‍ വെച്ചുമാറാമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് ജനതാദള്‍ എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി വ്യക്തമാക്കി. അതുപ്രകാരമാണ് മന്ത്രിയെ മാറ്റുന്നത്. പിണറായി വിജയന്‍ മന്ത്രിസഭയില്‍ മികവുറ്റ പ്രവര്‍ത്തനമാണ് മാത്യു ടി തോമസ് കാഴ്ചവെച്ചത്. അദ്ദേഹത്തിനെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് പുതുതായി മന്ത്രിയാകുന്ന കൃഷ്ണന്‍കുട്ടിയെന്നും ഡാനിഷ് അലി വ്യക്തമാക്കി.

മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ജെഡിഎസ് സംസ്ഥാന നേതാക്കളും എംഎല്‍എമാരുമായ കെ കൃഷ്ണന്‍കുട്ടിയും സി കെ നാണുവും ഇന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് മന്ത്രിമാറ്റത്തില്‍ തീരുമാനമായത്. ജെഡിഎസ് സംസ്ഥാന കമ്മിറ്റിയില്‍ നേരത്തെ മന്ത്രി സ്ഥാനത്ത് നിന്നും മാത്യു ടി തോമസ് മാറണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയെ ദേവഗൗഡ നിയോഗിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com