കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയിട്ടില്ല; യതീഷ് ചന്ദ്രയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്; നടപടിയുണ്ടാവില്ല

നിലവിലെ സാഹചര്യത്തില്‍ യതീഷ് ചന്ദ്രയെ മാറ്റേണ്ടതില്ലെന്നും നടപടി വേണ്ടെന്നുമുള്ള നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയിട്ടില്ല; യതീഷ് ചന്ദ്രയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്; നടപടിയുണ്ടാവില്ല

തിരുവനന്തപുരം; ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടുള്ള എസ്പി യതീഷ് ചന്ദ്രയുടെ പെരുമാറ്റം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടിയുണ്ടായേക്കില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 

എന്നാല്‍ എസ്പിക്കെതിരേ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ് ബിജെപി. ഇതിനെത്തുടര്‍ന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. യതീഷ് ചന്ദ്രയില്‍നിന്ന് പെരുമാറ്റച്ചട്ടലംഘനം ഉണ്ടായെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനരീതികള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം കോടതി നടത്തിയ പരാമാര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയതായും സൂചനയുണ്ട്.

കേന്ദ്രമന്ത്രിയോട് ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് ചട്ടങ്ങളുണ്ട്. ഔദ്യോഗിക സന്ദര്‍ശനം അല്ലെങ്കില്‍ കൂടി ഈ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതു ലംഘിച്ചുവെന്ന തരത്തില്‍ മന്ത്രിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പേഴ്‌സണല്‍ മന്ത്രാലയത്തിനു കീഴിലാണ് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍. അതിനാല്‍ ഈ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന് സംസ്ഥാനത്തോട് നിര്‍ദേശിക്കാം. നിലവിലെ സാഹചര്യത്തില്‍ യതീഷ് ചന്ദ്രയെ മാറ്റേണ്ടതില്ലെന്നും നടപടി വേണ്ടെന്നുമുള്ള നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കേന്ദ്രനിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com