ടിപി സെൻകുമാറിനെ ​ഗവർണറാക്കാൻ ബിജെപി നീക്കം; ഡൽഹിയിലേക്ക്

മുൻ ഡിജിപി ടിപി സെൻകുമാറിനെ ​ഗവർണർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ പരി​ഗണിക്കുന്നതായി റിപ്പോർട്ടുകൾ
ടിപി സെൻകുമാറിനെ ​ഗവർണറാക്കാൻ ബിജെപി നീക്കം; ഡൽഹിയിലേക്ക്

തിരുവനന്തപുരം: ഇടത് സർക്കാരിനോട് നിയമ പോരാട്ടം നടത്തി സംസ്ഥാന പൊലീസ് മേധാവി സ്ഥാനം തിരിച്ചുപിടിച്ച മുൻ ഡിജിപി ടിപി സെൻകുമാറിനെ ​ഗവർണർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ പരി​ഗണിക്കുന്നതായി റിപ്പോർട്ടുകൾ. കീഴ്വഴക്കമില്ലെങ്കിലും അദ്ദേഹം കേരളത്തിന്റെ ​ഗവർണാറായാലും അത്ഭുതപ്പെടാനില്ലെന്നാണ് കേന്ദ്രവൃത്തങ്ങളിൽ നിന്നുള്ള വിവരം. സെൻകുമാറിനെ ഇന്നോ നാളെയോ ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മം​ഗളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവും എെപിഎസ് ഉദ്യോ​ഗസ്ഥനുമായ അജിത് ഡോവലാണ് ഈ നിർണായക നീക്കത്തിന് പിന്നിൽ. അമിത് ഷാ അടുത്തിടെ കേരളത്തിൽ സന്ദർശനം നടത്തിയപ്പോൾ സെൻ കുമാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അന്ന് ഷായെ സന്ദർശിച്ച പലരും ബിജെപിയിൽ ചേർന്നപ്പോൾ സെൻകുമാർ അം​ഗത്വമെടുത്തിരുന്നില്ല. പുതിയ പദവി തേടിയെത്തുന്നതിനാലാണ് ഇതെന്നും അഭ്യൂഹമുണ്ടായിരുന്നു. 

ശബരിമല വിവാദം മുൻനിർത്തി വിവിധ മേഖലകളിൽ നിന്ന് കൂടുതൽ പ്രമുഖരെയും മറ്റ് പാർട്ടി അണികളെയും ബിജെപിയിലേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ പരിപാടിയിൽ പങ്കെടുത്തതോടെയാണ് സെൻകുമാറിനെ കാവിക്കൂടാരത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ശബരിമലയിലെ പൊലീസ് നടപടികളെ സെൻകുമാർ നിശിതമായി വിമർശിച്ചത് ആർഎസ്എസ് ബന്ധമുള്ള ചാനലിലൂടെയായിരുന്നു. ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് തെറ്റാണെന്നും തന്ത്രിയുടെ ചുമതല പൊലീസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ശബരിമലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള നിരവധി ഉദ്യോ​ഗസ്ഥർ പൊലീസിലുണ്ടെന്നും അവരെ തനിക്കറിയാമെന്നും സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു. പൊലീസിൽ താക്കോൽ സ്ഥാനത്തുള്ള ഒട്ടേറെ എെപിഎസുകാർ സെൻകുമാറിന്റെ അടുപ്പക്കാരാണ്. 

സെൻകുമാറിനെ കേരളത്തിലെ തന്നെ ​ഗവർണറാക്കണമെന്ന് ബിജെപിയിലെ ചില നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ​ഗവർണറാക്കുന്നയാൾക്ക് അതേ സംസ്ഥാനത്ത് തന്നെ നിയമനം നൽകുന്ന കീഴ്വഴക്കമില്ല. അങ്ങനെ ചെയ്യരുതെന്ന് ഭരണഘടനയിൽ പറയുന്നുമില്ല. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേന്ദ്ര സർക്കാർ കേരളത്തിന്റെ ​ഗവർണറാക്കിയത് കീഴ്വഴക്കങ്ങൾ ലംഘിച്ചായിരുന്നു. അത് അന്ന് വൻ വിമർശനങ്ങൾക്ക് വഴിവച്ചെങ്കിലും പിന്നീട് വിവാദം കെട്ടടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com