തന്നത് 600കോടി,അരി തന്ന കണക്കില്‍ തിരിച്ചെടുത്തത് 267കോടി 74 ലക്ഷം; വലിയ ധനസഹായം തട്ടിത്തെറിപ്പിച്ചു: കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
 തന്നത് 600കോടി,അരി തന്ന കണക്കില്‍ തിരിച്ചെടുത്തത് 267കോടി 74 ലക്ഷം; വലിയ ധനസഹായം തട്ടിത്തെറിപ്പിച്ചു: കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ല. എല്ലാക്കാര്യത്തിലും സഹകരിച്ചു പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കം ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗൗരവം മനസ്സിലാക്കിയതാണ്. സ്വാഭാവികമായും നല്ല രീതിയിലുള്ള കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ അര്‍ഹതപ്പെട്ടത് കിട്ടില്ല. മാത്രമല്ല, സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്ന യുഎഇ പോലുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാതിരിക്കാനുള്ള നീക്കവും നടത്തി. പുനര്‍നിര്‍മ്മാണത്തിന് ലഭ്യമാകുമായിരുന്ന വലിയ തുക നഷ്ടപ്പെട്ടു-അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

2016ലെ ദേശീയ ദുരന്ത മാനേജ്‌മെന്റ് പ്ലാന്‍ വ്യവസ്ഥ പ്രകാരം വിദേശ രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഫണ്ട് ശേഖരിക്കാനുള്ള നീക്കം തടഞ്ഞ് മന്ത്രിമാരുടെ യാത്രാനുമതി കേന്ദ്രം നിഷേധിച്ചു. ദേശീയ പുനരധിവാസ നിധിയുടെ മാനദണ്ഡം അനുസരിച്ച് നഷ്ടം നികത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിലെ പ്രളയത്തില്‍ 820കോടി രണ്ടാമത് 4796 അങ്ങനെ മൊത്തം 5616കോടിയാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിനു പുറമേ പ്രത്യേക ധനസാഹമായി 5000കോടി പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് എല്ലാം അനുവദിച്ചാലും സംഭവിച്ച നഷ്ടം നികത്താന്‍ കഴിയില്ല. പക്ഷേ ചോദിച്ച കാര്യങ്ങളില്‍ ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല-അദ്ദേഹം പറഞ്ഞു.മുപ്പത്തിയൊന്നായിരം കോടിയുടെ നഷ്ടമാണ് സംഭവിച്ചത് എന്നാണ് ഐക്യരാഷ്ട്രസഭയും ലോകബാങ്കും കൂടി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. യഥാര്‍ത്ഥ നഷ്ടം ഇതിലും വലുതാണ്. ഇരുപത്തി ആറായിരംകോടി രൂപ നമ്മള്‍ കണ്ടെത്തേണ്ടിവരും. സംസ്ഥാനത്തിന് വായ്പ വാങ്ങാനുള്ള പരിധി മൂന്നില്‍ നിന്ന നാലര ശതമാനമമായി ഉയര്‍ത്തണമെന്നും നബാര്‍ഡില്‍ നിന്ന് 2500കോടി രൂപയുടെ വായ്പ അനുവദിക്കണമെന്നും ലോകബാങ്കുപോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭ്യമാക്കണമെന്നും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. 

ഇതുകൂടാതെ വിവിധ വകുപ്പുകള്‍ മുഖേനയുള്ള കേന്ദ്ര പദ്ധതികളുടെ ധനസഹായം പത്തു ശതമാനം വര്‍ധിപ്പിക്കണം. ഇതിന് പുറമേ കേന്ദ്രസര്‍   ക്കാര്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സെസ് ഏര്‍പ്പെടുത്തിക്കൊണ്ട് സഹായിക്കാമെന്ന് സമ്മതിച്ചാണ്. പക്ഷേ അത് പ്രായോഗികമാക്കാനുള്ള നടപടിയൊന്നും സ്വീകരിച്ചില്ല. ഗുരുതരമായ അലംഭാവമാണ് ഇതുവരെയുള്ള അനുഭവം വച്ച് ഉണ്ടായിരിക്കുന്നത്. ആക നല്‍കിയത് 600കോടി രൂപമാത്രമാണ്. പ്രളയത്തിന്റെ ഘട്ടത്തില്‍ അരിയും മണ്ണണ്ണയും മറ്റും കേന്ദ്രം തന്നിരുന്നു. പക്ഷേ അതിന് താങ്ങുവിലനല്‍കേണ്ടിവരും. 267കോടി 74 ലക്ഷം നല്‍കേണ്ടിവരും. അതുകൂടി നല്‍കുമ്പോള്‍ 334കോടി 26ലക്ഷം രൂപയായി കേന്ദ്രധനസാഹായം ചുരുങ്ങും. 

കര്‍ണാടകയില്‍ ഒരു ജില്ലയില്‍ പ്രളയമുണ്ടായപ്പോള്‍ 546കോടി കേന്ദ്രം അനുവദിച്ചു. ഉത്താരാഖണ്ഡില്‍ 2300കോടി നല്‍കതി. 2015ല്‍ ചെന്നൈ പ്രളയത്തില്‍ 940കോടി സഹായം നല്‍കി. ഇപ്പോള്‍ നമുക്ക് അതിശക്തമായ പ്രളയക്കെടുതിയാണ് ഉണ്ടായത്. എന്നാല്‍ ആ ഗൗരവത്തിലുള്ള സഹായം നമുക്ക് ലഭ്യമായില്ല. 

മനുഷ്യസാധ്യമായ എല്ലാ നടപടികളും ദുരിതബാധിതരെ സഹായിക്കാന്‍ നാം സ്വീകരിച്ചു. ഇത് ലോകം അംഗീകരിച്ചതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 27മുതല്‍ നവംബര്‍ 21വരെ 2683കോടി 18 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. കേന്ദ്രം നല്‍കിയ 600കോടി ഉള്‍പ്പെടെ എസ്ഡിആര്‍എഫിലെ തുക 958കോടി 23ലക്ഷവും ചേര്‍ന്നാല്‍ 3641കോടി 91ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ളത്. സിഎംഡിആര്‍ഫില്‍ ചെലവഴിച്ചതും മന്ത്രിസഭായോഗ തീരുമാനം വഴി നല്‍കാന്‍ തീരുമാനിച്ചതും 1950കോടി 18ലക്ഷം രൂപ ചെലവ് വരും. തകര്‍ന്ന വീടുകള്‍ പുതുക്കി പണിയാനും പുതിയ വീടുകള്‍ പണിയാനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തുക 1357കോടി രൂപയാണ്. 

പൂര്‍ണമായും തകര്‍ന്ന വീടിന് കേന്ദ്രം നല്‍കുന്നത് ശരാശരി 1ലക്ഷം രൂപയാണ്. സംസ്ഥാനം മൂന്നുലക്ഷംകൂടി നല്‍കുന്നതുകൊണ്ടാണ് നാലുലക്ഷം വീടിന് ലഭിക്കുന്നത്. കേന്ദ്രം നല്‍കുന്നതിനെക്കാള്‍ സംസ്ഥാന കൂടുതല്‍ നല്‍കുന്നു. ഇനി 733കോടി രൂപയാകും ബാക്കിയുണ്ടാകുക. എല്ലാ തടസങ്ങളും തട്ടിമാറ്റി പുനര്‍നിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്-അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com