തന്നെ മനഃപൂര്‍വം വേട്ടയാടുന്നു ; ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ;  സധൈര്യം നേരിടുമെന്ന് കെ സുരേന്ദ്രന്‍

അയ്യപ്പ ഭക്തരുടെ ആത്മവിശ്വാസം കെടുത്തുക എന്നതാണ് ഒരു ലക്ഷ്യം. മറ്റൊന്ന്  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുക എന്നതാണ്
തന്നെ മനഃപൂര്‍വം വേട്ടയാടുന്നു ; ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ;  സധൈര്യം നേരിടുമെന്ന് കെ സുരേന്ദ്രന്‍


പത്തനംതിട്ട : പൊലീസ് തന്നെ മനഃപൂര്‍വം വേട്ടയാടുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നില്‍. പക്ഷെ അയ്യപ്പന്റെ ആചാരം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്നും എന്ത് പീഡനം സഹിച്ചാലും പിന്മാറില്ല. കള്ളക്കേസുകള്‍ സധൈര്യം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. റാന്നി കോടതിയില്‍ ഹാജരാക്കാന്‍, കൊട്ടാരക്കര സബ് ജയിലിൽ നിന്നും കൊണ്ടുപോകുമ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.  

തനിക്കെതിരെ കള്ളക്കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുകയാണ്. നടക്കാത്ത സംഭവത്തിന്റെ പേരില്‍ വരെ പ്രതി ചേര്‍ത്തിരിക്കുകയാണ്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്.  രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. അയ്യപ്പ ഭക്തരുടെ ആത്മവിശ്വാസം കെടുത്തുക എന്നതാണ് ഒരു ലക്ഷ്യം. മറ്റൊന്ന്  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ ബോധപൂര്‍വം മാറ്റി നിര്‍ത്തുക എന്നതാണ്. സര്‍ക്കാര്‍ ഗൂഡാലോചനയാണ് തനിക്കെതിരെ നടന്നത്. മുഖ്യമന്ത്രി നേരിട്ട് ഗൂഡാലോചനയില്‍ പങ്കാളിയാണ്. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് നേരിട്ടാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനിലേക്കും നിര്‍ദേശം പോയിരിക്കുന്നത്. 

എന്നാല്‍ ഞാന്‍ നെഞ്ചു വേദനയൊന്നും അഭിനയിക്കാനില്ലെന്നും, പി ജയരാജനെ പരോക്ഷമായി പരിഹസിച്ച്  സുരേന്ദ്രന്‍ പറഞ്ഞു. ഏത് കള്ളക്കേസിനെയും സധൈര്യം നേരിടും. ലക്ഷക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെയും വിശ്വാസി സമൂഹത്തിന്റെയും പ്രാര്‍ത്ഥന തന്റെ കൂടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് കെ. സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കുന്നത്. 52 കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘര്‍ഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്.

കെ.സുരേന്ദ്രന് പുറമേ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കരി, വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്‍.രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസില്‍ ജാമ്യം കിട്ടിയാലും കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റില്‍ ജാമ്യം ലഭിക്കാതെ കെ സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ കഴിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com