'നിരന്തരം സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു'; കന്യാസ്ത്രീ സമരം നയിച്ച ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിക്കെതിരെ നടപടിക്ക്‌ കത്തോലിക്കാ സഭ

നിരന്തരം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും കാനോനിക നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
'നിരന്തരം സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു'; കന്യാസ്ത്രീ സമരം നയിച്ച ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിക്കെതിരെ നടപടിക്ക്‌ കത്തോലിക്കാ സഭ

 കൊച്ചി:  ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കിയ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിക്കെതിരെ നടപടിയുമായി സഭ. നിരന്തരം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും കാനോനിക നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.  എറണാകുളം- അങ്കമാലി അതിരൂപതാ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ്ബ് മനത്തോടത്താണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 

 കന്യാസ്ത്രീകള്‍ക്കു വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കരുതെന്ന് ഫാദര്‍ വട്ടോളിക്ക് സഭ കത്ത് നല്‍കിയിരുന്നുവെങ്കിലും വിഎസ് ഉദ്ഘാടനം ചെയ്ത ധര്‍ണയില്‍ സ്വാഗതപ്രസംഗകന്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയായിരുന്നു. 

സഭയുടെ പ്രതിച്ഛായ തകര്‍ക്കുന്നു, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നു, ആരാധനയില്‍ സഭാപിതാക്കന്‍മാരെ സ്മരിക്കുന്നില്ല, പ്രസംഗവും പ്രവര്‍ത്തികളും സഭാ അധികാരികളെ കുറിച്ച് വെറുപ്പ് ഉളവാക്കിക്കുന്നതാണ്, തീവ്രവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നു, ദൈവ നിന്ദ നടത്തി, കാനോനിക നിയമങ്ങള്‍ ലംഘിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളിലാണ് കാരണം 25 ആം തിയതിക്കകം വിശദമാക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.

 അടുത്തവര്‍ഷമാദ്യം നടക്കുന്ന സിറോമലബാര്‍ സഭയുടെ സിനഡില്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിക്കെതിരെ സഭാ നടപടികള്‍ കൈക്കൊള്ളാനാണ് തീരുമാനം. ദീര്‍ഘനാളായി സഭാ ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്. അങ്കമാലി അതിരൂപതയിലെ വിവാദ സ്ഥലമിടപാട് പുറത്ത് കൊണ്ടുവന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ് ഫാദര്‍ അഗസ്റ്റിന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com