പികെ ശശിക്കെതിരായ പരാതിയില്‍ തീരുമാനം വീണ്ടും നീട്ടി ; 26 ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും

തനിക്കെതിരായ പരാതി പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ശശി ആരോപിക്കുന്നത്
പികെ ശശിക്കെതിരായ പരാതിയില്‍ തീരുമാനം വീണ്ടും നീട്ടി ; 26 ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും


തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ തീരുമാനമെടുക്കുന്നത് സിപിഎം വീണ്ടും നീട്ടി. വിഷയം ഇന്നത്തെ സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യില്ല. ഈ മാസം 26 ന് ചേരുന്ന സംസ്ഥാന സമിതിയുടെ പരിഗണനയിലേക്ക് വിട്ടു. രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഈ തീരുമാനം എടുത്തത്. 

ശബരിമല വിഷയം, സ്ത്രീ മുന്നേറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പി കെ ശശി നയിക്കുന്ന മേഖല ജാഥ ഷൊര്‍ണൂരില്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ശശിക്കെതിരെ  അച്ചടക്ക നടപടി സ്വീകരിക്കുന്നത് പാര്‍ട്ടിയിലും പുറത്തും വലിയ പ്രശ്‌നത്തിന് ഇടയാക്കും. ഇപ്പോള്‍ നടപടി സ്വീകരിച്ചാല്‍ ജാഥ നടക്കുന്ന വേളയില്‍ രാഷ്ട്രീയ എതിരാളികള്‍ അത് ഉയര്‍ത്തിക്കാട്ടുമെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ശശി നയിക്കുന്ന ജാഥ 25 നാണ് സമാപിക്കുന്നത്. ഈ സാഹചര്യത്തില്‍ 26 ന് ചേരുന്ന സംസ്ഥാന സമിതി യോഗം ശശി വിഷയം ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നിയമസഭ ചേരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ നല്‍കുന്ന സൂചന. പികെ ശശിക്കെതിരെ ജില്ലയിലെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പാരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം തനിക്കെതിരായ പരാതി പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ശശി ആരോപിക്കുന്നത്. ശശിക്കെതിരെ തരംതാഴ്ത്തല്‍ പോലുള്ള ചെറിയ നടപടികള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ വനിതാ നേതാവ് സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com