പ്രക്ഷോഭം നിര്‍ത്തിവച്ചാല്‍ പരസ്യ സംവാദമാകാം; ശ്രീധരന്‍പിള്ളയോട് കോടിയേരി  

പ്രക്ഷോഭം നിര്‍ത്തി സംവാദത്തിനില്ലെന്നാണ് ശ്രീധരന്‍പിള്ളയുടെ നിലപാടെന്നും കോടിയേരി പറഞ്ഞു
പ്രക്ഷോഭം നിര്‍ത്തിവച്ചാല്‍ പരസ്യ സംവാദമാകാം; ശ്രീധരന്‍പിള്ളയോട് കോടിയേരി  

കൊച്ചി: പ്രക്ഷോഭം നിര്‍ത്തിവച്ചാല്‍ ശബരിമല വിഷയത്തില്‍ പരസ്യ സംവാദമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ശബരിമല വിഷയത്തില്‍ ആശയസംവാദം നടത്താനുള്ള കോടിയേരിയുടെ വെല്ലുവിളി ശ്രീധരന്‍പിള്ള സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം നിർത്തിവച്ചാൽ സംവാദമെന്ന നിലപാടുമായി കോടിയേരി രം​ഗത്തെത്തിയിരിക്കുന്നത്. പ്രക്ഷോഭം നിര്‍ത്തി സംവാദത്തിനില്ലെന്നാണ് ശ്രീധരന്‍പിള്ളയുടെ നിലപാടെന്നും കോടിയേരി പറഞ്ഞു. 

ആശയസംവാദം നടത്താനുള്ള കോടിയേരിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും സംവാദം എവിടെവേണം, എപ്പോള്‍ വേണമെന്ന് അദ്ദേഹം തീരുമാനിക്കട്ടേയെന്നുമാണ് ശ്രീധരൻപിള്ള പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാര്‍ അമ്പതുകൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചത് ആധികാരിരമായി തെളിയിക്കാന്‍ സാധിക്കും.ആശയപരമായി പറയാനുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. ഏതെങ്കിലും പ്രസ്‌ക്ലബിലും മറ്റോ സ്ഥലം തീരുമാനിക്കട്ടേ,അത് കേട്ടിട്ട് ജനം തീരുനാനിക്കട്ടേ-ശ്രീധരന്‍പിള്ള പറഞ്ഞു. 

നേരത്തെ ശബരിമല സമരത്തില്‍ തെരുവില്‍ ആശയപരമായ സംവാദം നടത്താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള തയ്യാറാണോയെന്ന് കോടിയേരി ചോദിച്ചിരുന്നു. ശബരിമല സമരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരായാണെന്നുള്ള ശ്രീധരന്‍പിള്ളയുടെ പ്രസ്താവന പുതിയ വഴിത്തെരിവാണ്. പ്രക്ഷോഭം രാഷ്ട്രീയ സമരമാണെന്ന് ബിജെപി അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ശബരിമല കേന്ദ്രീകരിച്ചുകൊണ്ടുള്ള സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com