ബാലഭാസ്കറിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണം; ലോക്കല്‍ പൊലീസിനെ സഹായിക്കാൻ ക്രൈംബ്രാഞ്ചിനോട് ഡിജിപി 

ബാലഭാസ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛന്‍ സി ഉണ്ണി ഡിജിപിക്ക് പരാതി നല്‍കിയതിനെതുടർന്നാണ് നടപടി
ബാലഭാസ്കറിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണം; ലോക്കല്‍ പൊലീസിനെ സഹായിക്കാൻ ക്രൈംബ്രാഞ്ചിനോട് ഡിജിപി 

തിരുവനന്തപുരം: വാഹനാപകടത്തെതുടർന്ന് അന്തരിച്ച സം​ഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിൽ വിശദമായ അന്വേഷണത്തിന് ഡിജിപി നിർദേശം നൽകി. അന്വേഷണത്തിൽ ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നല്‍കാന്‍ ക്രൈംബ്രാഞ്ചിനോട് അദ്ദേഹം നിർദേശിക്കുകയും ചെയ്തു. ബാലഭാസ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛന്‍ സി ഉണ്ണി ഡിജിപിക്ക് പരാതി നല്‍കിയതിനെതുടർന്നാണ് നടപടി.

പാലക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ ആശുപത്രിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. തിടുക്കത്തില്‍ ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയതില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 10 വര്‍ഷമായി പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറിന്റെ കുടുംബവുമായി ബാലഭാസ്‌കറിനും ലക്ഷ്മിക്കും ബന്ധമുണ്ട്. ഇവരുമായി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നതായി സംശയമുണ്ട്. ഒരു സ്റ്റേജ് പ്രോഗ്രാമിനിടെയാണ് ബാലഭാസ്‌കറും ഡോക്ടറും സുഹൃത്തുക്കളായത്. വജ്രമോതിരം  ഡോക്ടര്‍ ബാലഭാസ്‌കറിന് സമ്മാനമായി നല്‍കിയിരുന്നു. 

ഈ കുടുംബത്തില്‍പ്പെട്ടയാളാണ് സംഭവം നടന്നയന്ന് വാഹനം ഓടിച്ചിരുന്ന അര്‍ജ്ജുന്‍. വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്ന് അര്‍ജ്ജുന്‍ പൊലീസില്‍ വെളിപ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബാംഗങ്ങളുടെ സംശയം ശക്തിപ്പെട്ടത്. മരണത്തിന് ശേഷം സാമ്പത്തിക കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി  ബാലഭാസ്‌കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി താന്‍ സംസാരിച്ചിരുന്നുവെന്നും ഇതിന് പിന്നാലെ മൂന്ന് യുവാക്കള്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

മകള്‍ തേജസ്വിനി ബാലയ്ക്ക് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലുണ്ടായിരുന്ന നേര്‍ച്ച പൂര്‍ത്തിയാക്കിയ ബാലഭാസ്‌കര്‍ കുടുംബത്തോടൊപ്പം അന്ന് രാത്രി തന്നെ മടങ്ങുകയായിരുന്നു. തൃശ്ശൂരില്‍ അന്ന് രാത്രി തങ്ങുന്നതിനായി നേരത്തെ ബുക്ക് ചെയ്ത റൂം ക്യാന്‍സല്‍ ചെയ്ത ശേഷമാണ് ഇവര്‍ സുഹൃത്തായ അര്‍ജ്ജുനുമായി തിരുവനന്തപുരത്തെ വീട്ടിലേക്ക് യാത്ര തിരിച്ചത്. സെപ്തംബര്‍ 25 ന്‌ പുലര്‍ച്ചെ കഴക്കൂട്ടത്തിന് സമീപം വച്ച് വാഹനം മരത്തിലിടിച്ച് മറിയുകയായിരുന്നു. മകള്‍ തേജസ്വിനി സംഭവസ്ഥലത്ത് വച്ചും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടയിലും മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും സുഹൃത്തും ഡ്രൈവറുമായ അര്‍ജ്ജുനും സുഖം പ്രാപിച്ച് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com