ശരണം വിളി ഭക്തന്റെ അവകാശം, കേസെടുക്കരുതെന്ന് ബിജെപി; നൂറോളംപേര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്

ശരണം വിളി ഭക്തന്റെ അവകാശമാണെന്നും അതിന് കേസെടുക്കുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള
ശരണം വിളി ഭക്തന്റെ അവകാശം, കേസെടുക്കരുതെന്ന് ബിജെപി; നൂറോളംപേര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: ശരണം വിളി ഭക്തന്റെ അവകാശമാണെന്നും അതിന് കേസെടുക്കുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയിലെത്തുന്നവരെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കള്ളക്കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ബിജെപി-സംഘപരിവാര്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നു. നിരപരാധികളായ ഭക്തരേയും ജയിലില്‍ അടച്ചിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

അതേസമയം, സന്നിധാനത്ത് നിരോനാജ്ഞ ലംഘിച്ച് നാമജപം നടത്തിയ നൂറോളംപേര്‍ക്ക് എതിരെ സന്നിധാനം പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി രഞ്ജു, മഞ്‌ജേഷ്, രാംലാല്‍, കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. 

നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടിയെങ്കിലും ഒറ്റയ്‌ക്കോ കൂട്ടമായോ വരുന്നവര്‍ ശരണം വിളിച്ചാല്‍ കേസെടുക്കില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ രാത്രി പത്തരയോടെ സന്നിധാനത്ത് കൂട്ടമായി നാമജപ പ്രതിഷേധം നടത്തിയ ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. നിരോധനാജ്ഞ ജനുവരി പതിനാല് വരെ നീട്ടണം എന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടുകൂടി പരിഗണിച്ച കലക്ടര്‍, നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി തുടര്‍ന്നാല്‍ മതിയെന്ന് ഉത്തരവിടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com