സന്നിധാനം ശാന്തം; മണ്ഡലകാലം പൂര്‍ത്തിയാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും

നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളില്‍ തീര്‍ത്ഥാടകരും സംതൃപ്തരാണ്
സന്നിധാനം ശാന്തം; മണ്ഡലകാലം പൂര്‍ത്തിയാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും

ശബരിമല; ശബരിമലയില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മണ്ഡലകാലം മുഴുവന്‍ തുടരാന്‍ ആലോചന. ഇപ്പോഴത്തെ ക്രമീകരണങ്ങള്‍ ശബരിമല ദര്‍ശനം കൂടുതല്‍ സുഗമമാക്കുന്നുണ്ട്. അതിനാലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ പൊലീസ് ആലോചിക്കുന്നത്. വലിയ നടപ്പന്തല്‍, താഴെ തിരുമുറ്റം തുടങ്ങി സന്നിധാനത്തെ പ്രധാന സ്ഥലങ്ങള്‍ കൂടുതല്‍ സുരക്ഷ ആവശ്യമുണ്ട്. ഒപ്പം ഇവിടം ശാന്തമായ അന്തരീക്ഷം നിലനിര്‍ത്താനും ഇത് സഹായിക്കുമെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളില്‍ തീര്‍ത്ഥാടകരും സംതൃപ്തരാണ്. 

സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ ശബരിമലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതിനൊപ്പം നിരോധനാജ്ഞയും കൊണ്ടുവന്നു. ഇതോടെ വലിയ നടപ്പന്തല്‍, താഴെ തിരുമുറ്റം എന്നിവിടങ്ങളില്‍ വിരിവെക്കാന്‍ നിയന്ത്രണം വന്നു. വിശ്രമിക്കുന്നതിനും സമ്മതിച്ചില്ല. പകരം മാളികപ്പുറം അമ്പലത്തിന് താഴെയും അന്നദാന മണ്ഡപത്തും ഇതിനുള്ള സൗകര്യമൊരുക്കി. തിരക്ക് കുറവായതിനാല്‍ തീര്‍ഥാടകര്‍ക്ക് വിരിവെക്കാന്‍ ഇപ്പോള്‍ പ്രയാസങ്ങളൊന്നുമില്ലെന്നാണ് പറയുന്നത്. കാണുന്നിടത്തെല്ലാം വിരിവെക്കാവുന്ന രീതി മാറി. വിരിവെക്കാവുന്ന സ്ഥലങ്ങള്‍ പോലീസ്തന്നെ കാണിച്ചുകൊടുക്കുന്നു.

ഇപ്പോള്‍ വരുന്ന ഭക്തര്‍ക്ക് വിരിവെക്കാനാവശ്യമായ എല്ലാ സൗകര്യവുമുണ്ടെന്ന് പോലീസ് പറഞ്ഞു. അഞ്ചിടത്ത് വിരിവെക്കാന്‍ സൗകര്യമുണ്ട്. ഇതില്‍ ചെറിയൊരു ശതമാനംമാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഭക്തരുടെ കുറവും മിക്കവരും ദര്‍ശനം കഴിഞ്ഞ് അന്നുതന്നെ മടങ്ങുന്നതും കാരണമാണിത്. വരുംദിവസങ്ങളില്‍ തിരക്കുകൂടിയാല്‍ വിരിവെക്കാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടിവരും. സന്നിധാനപരിസരത്തെ തിരക്ക് ഒഴിവാക്കാന്‍ ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ വിജയിച്ചാല്‍ വരുംവര്‍ഷങ്ങളിലും നടപ്പാക്കാന്‍ സാധ്യതയുണ്ട്. മരക്കൂട്ടത്തുനിന്നുവരുന്ന അയ്യപ്പന്മാര്‍ക്കുള്ള നിയന്ത്രണം തിരക്ക് കൂടുന്നതനുസരിച്ച് ഇളവ് ചെയ്യുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com