സുപ്രീം കോടതി, ശബരിമലയിലേത് ലിംഗസമത്വ വിഷയമായാണ് കണ്ടത്, സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വേറെയും അയ്യപ്പ ക്ഷേത്രങ്ങളുണ്ട്: ശശി തരൂര്‍

സുപ്രീം കോടതി ശബരിമല വിഷയത്തെ ലിംഗ സമത്വ പ്രശ്‌നമായാണു കണ്ടത്.
സുപ്രീം കോടതി, ശബരിമലയിലേത് ലിംഗസമത്വ വിഷയമായാണ് കണ്ടത്, സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വേറെയും അയ്യപ്പ ക്ഷേത്രങ്ങളുണ്ട്: ശശി തരൂര്‍

കൊച്ചി: സുപ്രീം കോടതി ശബരിമല വിഷയത്തെ ലിംഗ സമത്വ പ്രശ്‌നമായാണു കണ്ടത്. അതിനാലാണു വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും രാഹുല്‍ഗാന്ധിയും സ്വാഗതം ചെയ്തതെന്ന് ശശി തരൂര്‍ എംപി. ശബരിമലയിലേതു സമത്വ വിഷയം അല്ലെന്നും മറിച്ചു പവിത്രതയുടെയും ആചാരത്തിന്റെയും വിഷയമാണെന്നും ശശി തരൂര്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്യാകുമാരിയില്‍ പുരുഷന്മാര്‍ കയറാന്‍ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ കയറണം എന്നാവശ്യപ്പെട്ട് ആരും കോടതിയില്‍ പോയിട്ടില്ല. അയ്യപ്പനെ തൊഴണം എന്നാഗ്രഹിക്കുന്ന യുവതികള്‍ക്കു വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും ശശി തരൂര്‍ പറയുന്നു.

ജനാധിപത്യത്തില്‍ മതവിശ്വാസം, ഭരണഘടന, നിയമം, കോടതിവിധി തുടങ്ങി പല കാര്യങ്ങളും ബഹുമാനിക്കണം. ഇതെല്ലാം ഒരുപോലെ കൊണ്ടുപോകുന്നതാണു ജനാധിപത്യം. ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചതു വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ പേരില്‍ അക്രമം നടത്താന്‍ കോണ്‍ഗ്രസ് തയാറല്ല. ശബരിമല ഇപ്പോള്‍ പൊലീസ് ക്യാംപാണ്. അവിടെ എങ്ങനെ ശാന്തമായി പ്രാര്‍ഥിക്കാന്‍ കഴിയും?

എല്ലാ വിഭാഗം ജനങ്ങളുമായി ആലോചിച്ച് വേണമായിരുന്നു വിധി നടപ്പാക്കാന്‍. താനും പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതാണ്. നിയമപരമായ മാര്‍ഗത്തില്‍ക്കൂടി മാത്രമേ കോടതി ഉത്തരവു മറികടക്കാന്‍ കഴിയൂ. കോടതി വഴിയുള്ള നീക്കം പരാജയപ്പെട്ടാല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കുകയാണു പോംവഴി. 

ശബരിമലയില്‍ അക്രമം നടത്തുകയോ ഭക്തരെ തടയുകയോ ചെയ്യുന്നതു ശാശ്വത പരിഹാരം ഉണ്ടാക്കില്ല. എല്ലാവരെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കുന്നതിനു പകരം ധൃതി പിടിച്ചു കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതാണു സര്‍ക്കാരിന്റെ വീഴ്ച എന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാനാണു ബിജെപി ശ്രമിക്കുന്നതെന്നും ശശി തരൂര്‍ എംപി പറയുന്നു. 'ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിത്. 1986 മുതല്‍ ബിജെപി വര്‍ഗീയ കാര്‍ഡിറക്കിയുള്ള തന്ത്രം മെനയുന്നു. ഏതെങ്കിലും ഒരു മതം മാത്രമുള്ള രാജ്യമല്ല ഇന്ത്യ. ശബരിമലയില്‍ ബിജെപിയുടെ സമര രീതിയോടു യോജിപ്പില്ല. പവിത്രസ്ഥലമായ ശബരിമലയില്‍ അക്രമം നടത്താനോ നാടക വേദിയാക്കാനോ കോണ്‍ഗ്രസ് തയാറല്ല' - അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com