സ്റ്റേ ഉത്തരവ് നീട്ടില്ല; കെ.എം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് നീട്ടണമെന്ന കെ.എം ഷാജിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി
സ്റ്റേ ഉത്തരവ് നീട്ടില്ല; കെ.എം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് നീട്ടണമെന്ന കെ.എം ഷാജിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സ്‌റ്റേ നീട്ടണമെന്ന ഷാജിയുടെ ഹര്‍ജി കോടതി തീര്‍പ്പാക്കി. തുടര്‍ ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അയോഗ്യനാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഷാജിയുടെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് നേരത്തെ സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു.  

ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ വാക്കാല്‍ പരാമര്‍ശം കൊണ്ട് ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഴീക്കോട് എംഎല്‍എയായ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തെരഞഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷം വിലക്കും കല്‍പ്പിച്ചിട്ടുണ്ട്. ഇതു ചോദ്യം ചെയ്താണ് ഷാജി സുപ്രിം കോടതിയെ സമീപിച്ചത്.എന്നാല്‍ ഇത് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്‌റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയി തുടരാനാവില്ലെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഷാജിക്കു സഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പാറ്റാനാവില്ലെന്നും വാക്കാല്‍ പറഞ്ഞു. 

സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സ്‌റ്റേ അനുവദിക്കണമെന്ന ഷാജിയുടെ അപേക്ഷ നേരത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പു കേസില്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പിഡി രാജന്റെ ബെഞ്ച് തന്നെയാണ് സ്‌റ്റേ അനുവദിച്ചത്. സ്‌റ്റേ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഷാജിയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി, എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഷാജിക്ക് ആറു വര്‍ഷത്തേക്ക് അയോഗ്യതയും കല്‍പ്പിച്ചിട്ടുണ്ട്.

ഇസ്ലാം മതസ്ഥരുടെ ഇടയില്‍ വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് ഹര്‍ജി നല്‍കിയത്. കെഎം ഷാജിക്ക് എംഎല്‍എ ആയി തുടരാന്‍ അവകാശമില്ലെന്ന് ജസ്റ്റിസ് പിഡി രാജന്‍ വിധിയില്‍ വ്യക്തമാക്കി. നികേഷ് കുമാറിന് 50,000 രൂപ കോടതി ചെലവു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി.

വാശിയേറിയ പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നികേഷ് കുമാറിനെ 2642 വോട്ടിനാണ് മുസ്ലിം ലീഗിലെ കെഎം ഷാജി തോല്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com