'ഒക്കച്ചങ്ങായി'ക്ക് മറുപടി ; മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പന്‍ ; സിപിഎം ഈ വീടിന്റെ ഐശ്വര്യമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞാല്‍ അത്ഭുതമില്ലെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് യാതൊരു പ്രസക്തിയും ഇല്ലാതിരുന്ന ബിജെപിക്ക് മാന്യത ഉണ്ടാക്കി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്
'ഒക്കച്ചങ്ങായി'ക്ക് മറുപടി ; മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പന്‍ ; സിപിഎം ഈ വീടിന്റെ ഐശ്വര്യമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞാല്‍ അത്ഭുതമില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ ബിജെപിയുടെ ഒക്കച്ചങ്ങായിയാണ് കോണ്‍ഗ്രസെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ബിജെപിയുടെ ഒക്കച്ചങ്ങായി ഞങ്ങളല്ല, സിപിഎമ്മാണ്. സംസ്ഥാനത്ത് യാതൊരു പ്രസക്തിയും ഇല്ലാതിരുന്ന ബിജെപിക്ക് മാന്യത ഉണ്ടാക്കി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബിജെപിയുടെ തലതൊട്ടപ്പനാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു. 

സര്‍വകക്ഷി യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്  ശ്രീധരന്‍പിള്ള മുഖ്യമന്ത്രിയെ പുകഴ്ത്തുകയായിരുന്നു. കോടിയേരിയെയും ശ്രീധരന്‍പിള്ള പുകഴ്ത്തി. സിപിഎം ഈ വീടിന്റെ ഐശ്വര്യം എന്ന് ബിജെപി ഓഫീസിന് മുന്നില്‍ ശ്രീധരന്‍പിള്ള എഴുതി വെച്ചാലും അത്ഭുതമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും കൂട്ടുകച്ചവടം നടത്തുകയാണ്. ശബരിമലയില്‍ സിപിഎമ്മിന് രാഷ്ട്രീയ ലക്ഷ്യമുണ്ട്.  ബിജെപിയെ ശക്തിപ്പെടുത്തി ജനാധിപത്യ ചേരിയെ ദുര്‍ബലപ്പെടുത്താനും ഭിന്നിപ്പിക്കാനുമാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

ശബരിമല തീര്‍ത്ഥാടനത്തെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാത്തിനും കാരണക്കാരന്‍ മുഖ്യമന്ത്രിയാണ്. ശബരിമലയില്‍ പൊലീസുകാര്‍ മാത്രമാണ് ഉള്ളത്. ഭക്തര്‍ ഭീതിയിലും പ്രയാസത്തിലുമാണ്. ഗവര്‍ണറും ഹൈക്കോടതിയും പറഞ്ഞിട്ടും മുഖ്യമന്ത്രി കേള്‍ക്കുന്നില്ല. ഹൈക്കോടതി ശബരിമലയിലെ പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഭക്തര്‍ക്ക് പൊലീസ് വിഘാതം സൃഷ്ടിക്കുന്നുവെന്നാണ് കോടതി വിമര്‍ശിച്ചത്. സര്‍ക്കാര്‍ ഇതുവരെ വസ്തുത മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നില്ല. 

എന്തുകൊണ്ടാണ് ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാത്തത്. ഭക്തര്‍ക്ക് എന്തുകൊണ്ട് കൂട്ടമായി പോകാന്‍ സൗകര്യം നല്‍കുന്നില്ല. വലിയ നടപ്പന്തലില്‍ വിരിവെച്ചാല്‍ എന്ത് സംഭവിക്കും ? വടക്കേനടയില്‍ വിരിവെച്ചാല്‍ എന്ത് സംഭവിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ബോംബൈയില്‍ നിന്ന് വന്ന 105 പേര്‍ ദര്‍ശനം നടത്താതെ തിരിച്ചുപോയി. 10 ലക്ഷം പേര്‍ കഴിഞ്ഞ കാലത്ത് ഈ സമയത്തിനുള്ളില്‍ ദര്‍ശനം നടത്തിയപ്പോള്‍, ഇത്തവണ ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയായി. വരുമാനത്തിലും 14 കോടിയിലേറെ രൂപയുടെ കുറവുണ്ടായി. സര്‍ക്കാരിന്റെ നടപടികളാണ് ഇതിന് കാരണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഭരണ പരാജയം മറയ്ക്കാനാണ് ശബരിമല സംഘര്‍ഷം സര്‍ക്കാര്‍ കത്തിച്ചു നിര്‍ത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com