'ബാലയ്ക്ക് ശത്രുക്കളുണ്ടോയെന്ന് വ്യക്തമല്ല, പക്ഷേ ആ വജ്രമോതിരവും സാമ്പത്തിക ഇടപാടുകളും ദുരൂഹമാണ്'

കുടുംബം നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
'ബാലയ്ക്ക് ശത്രുക്കളുണ്ടോയെന്ന് വ്യക്തമല്ല, പക്ഷേ ആ വജ്രമോതിരവും സാമ്പത്തിക ഇടപാടുകളും ദുരൂഹമാണ്'

ബാലഭാസ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിജിപി  ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച്  സഹായിക്കും. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛന്‍ സി ഉണ്ണി നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാലക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ ആശുപത്രിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.

കുടുംബം നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. ബാലഭാസ്‌കറിനു ശത്രുക്കളൊന്നും ഉള്ളതായി കുടുംബത്തിന് വ്യക്തതയില്ല. എന്നാല്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്ന സംശയങ്ങളിലൂടെ  ബാലഭാസ്‌കറിനോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടോ എന്നതു സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം നടത്തും.

പത്തു വര്‍ഷമായി പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറിന്റെ കുടുംബവുമായി ബാലഭാസ്‌കറിനും ലക്ഷ്മിക്കും ബന്ധമുണ്ട്. ഇവരുമായി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നതായി സംശയമുണ്ട്. ഒരു സ്‌റ്റേജ് പ്രോഗ്രാമിനിടെയാണ് ബാലഭാസ്‌കറും ഡോക്ടറും സുഹൃത്തുക്കളായത്. വജ്രമോതിരം  ഡോക്ടര്‍ ബാലഭാസ്‌കറിന് സമ്മാനമായി നല്‍കിയിരുന്നു. പിന്നീട് പാലക്കാട്ടെ വീട്ടില്‍ ബാലഭാസ്‌കറിനു വയലിന്‍ പരിശീലനത്തിനായി അദ്ദേഹം സൗകര്യവും ഒരുക്കി നല്‍കി.

പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്നാണു കുടുംബത്തിന്റെ പ്രധാന ആവശ്യം. എവിടെ നിന്നാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ ആരംഭിക്കുന്നത്? എങ്ങനെയാണ് പാലക്കാടുള്ള ആയുര്‍വേദ ആശുപത്രി ഉടമയുമായി ബാലഭാസ്‌കറിനു ബന്ധം തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഡോക്ടറുടെ കുടുംബത്തില്‍പ്പെട്ടയാളാണ് സംഭവം നടന്നയന്ന് വാഹനം ഓടിച്ചിരുന്ന അര്‍ജ്ജുന്‍. വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്ന് അര്‍ജ്ജുന്‍ പൊലീസില്‍ വെളിപ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബാംഗങ്ങളുടെ സംശയം ശക്തിപ്പെട്ടത്.  

അപകടവുമായി ബന്ധപ്പെട്ടാണു  സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു സംശയം ഉയര്‍ന്നത്. ഈ കുടുംബവുമായി ബന്ധപ്പെട്ടു വലിയ സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്‌കര്‍ നടത്തിയിരുന്നു. അപകടം ഉണ്ടായതിനു പിന്നാലെ ബാലഭാസ്‌കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെടാന്‍ ബാലഭാസ്‌കറിന്റെ അച്ഛനും അമ്മയും ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ മൂന്ന് യുവാക്കള്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

രാത്രി താമസിക്കാന്‍ മുറി ബുക്ക് ചെയ്ത ബാലഭാസ്‌കര്‍, എന്തിനാണു തിടുക്കപ്പെട്ടു തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചതെന്ന് അന്വേഷിക്കണമെന്നും പിതാവ് സികെ ഉണ്ണി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്.

വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അപകട ദിവസം മരിച്ചിരുന്നു. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ 2 ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കി. 

മകള്‍ തേജസ്വിനി ബാലയ്ക്ക് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലുണ്ടായിരുന്ന നേര്‍ച്ച പൂര്‍ത്തിയാക്കിയ ബാലഭാസ്‌കര്‍ കുടുംബത്തോടൊപ്പം അന്ന് രാത്രി തന്നെ മടങ്ങുകയായിരുന്നു. തൃശ്ശൂരില്‍ അന്ന് രാത്രി തങ്ങുന്നതിനായി നേരത്തെ ബുക്ക് ചെയ്ത റൂം ക്യാന്‍സല്‍ ചെയ്ത ശേഷമാണ് ഇവര്‍ സുഹൃത്തായ അര്‍ജുനുമായി തിരുവനന്തപുരത്തെ വീട്ടിലേക്ക് യാത്ര തിരിച്ചത്.

സെപ്തംബര്‍ 25ന് പുലര്‍ച്ചെ കഴക്കൂട്ടത്തിന് സമീപം വച്ച് വാഹനം മരത്തിലിടിച്ച് മറിയുകയായിരുന്നു. മകള്‍ തേജസ്വിനി സംഭവസ്ഥലത്ത് വച്ചും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടയിലും മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും സുഹൃത്തും ഡ്രൈവറുമായ അര്‍ജ്ജുനും സുഖം പ്രാപിച്ച് വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com