മഴവെള്ളം തടഞ്ഞുനിര്‍ത്തി നദികള്‍ സംരക്ഷിക്കുന്നതിന് ഗോവന്‍ മാതൃകയില്‍ ബന്ധാരകള്‍ നിര്‍മിക്കും ; നെല്‍കൃഷി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി

ഹരിതകേരളം മിഷന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് എല്ലാ ജില്ലയിലും ഓരോ നദി ശുചീകരിക്കും
മഴവെള്ളം തടഞ്ഞുനിര്‍ത്തി നദികള്‍ സംരക്ഷിക്കുന്നതിന് ഗോവന്‍ മാതൃകയില്‍ ബന്ധാരകള്‍ നിര്‍മിക്കും ; നെല്‍കൃഷി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി


തിരുവനന്തപുരം : ജലസംരക്ഷണ പ്രവര്‍ത്തനത്തിലും ജൈവ പച്ചക്കറി ഉല്‍പാദനത്തിലും ഹരിതകേരളം മിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിതകേരളം മിഷന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് എല്ലാ ജില്ലയിലും ഓരോ നദി ശുചീകരിക്കും. മഴവെള്ളം തടഞ്ഞുനിര്‍ത്തി നദികള്‍ സംരക്ഷിക്കുന്നതിന് ഗോവന്‍ മാതൃകയിലുളള ബന്ധാരകള്‍ പ്രധാന നദികളില്‍ നിര്‍മിക്കും. കോഴിയിറച്ചി മാലിന്യം സംസ്‌കരിക്കാന്‍ 18 സ്ഥാപനങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജലസംരക്ഷണ പ്രവര്‍ത്തനത്തിലും ജൈവ പച്ചക്കറി ഉല്‍പാദനത്തിലും ഹരിതകേരളം മിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിര്‍ദേശിച്ചു. ഹരിതകേരളം മിഷന്റെ ഭാഗമായി ധാരാളം കുളങ്ങളും തോടുകളും നിര്‍മിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഇനിയും മുന്നോട്ട് പോകാനുണ്ട് . പ്രളയത്തില്‍ ധാരാളം കിണറുകള്‍ നശിച്ചുപോയിട്ടുണ്ട്. അവയെല്ലാം പുനര്‍നിര്‍മിക്കണം. കുട്ടികളില്‍ ജൈവകൃഷിയുടെ അവബോധം സൃഷ്ടിക്കാന്‍ പ്രത്യേക പരിപാടി വേണം. ഔഷധസസ്യങ്ങള്‍ വ്യാപകമാക്കണം. ഹരിതകേരളം മിഷന്റെ അവലോകനയോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്.

ഹരിതകേരളം മിഷന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് എല്ലാ ജില്ലയിലും ഓരോ നദി ശുചീകരിക്കും. സങ്കീര്‍ണമായ മാലിന്യപ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. ഇതിനായി മിഷന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്നുണ്ട് . കോഴിയിറച്ചി മാലിന്യം സംസ്‌കരിക്കാന്‍ 18 സ്ഥാപനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ജൈവമാലിന്യസംസ്‌കരണം കൃഷിയുമായി ബന്ധിപ്പിച്ച് നടപ്പാക്കുകയാണ്. 916 പഞ്ചായത്തുകളിലും 89 നഗരസഭകളിലും ഹരിതകര്‍മസേന സജീവമാണ്.

ജലസംരക്ഷണത്തിലൂടെ ജല ലഭ്യതയും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കും. ഇതിനുവേണ്ടി നിലവിലുളള ജലസ്രോതസ്സുകളുടെ നവീകരണവും സുസ്ഥിര പരിപാലനവും ഉറപ്പു വരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജലസേചന വകുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കും. മഴവെള്ളം തടഞ്ഞുനിര്‍ത്തി നദികള്‍ സംരക്ഷിക്കുന്നതിന് ഗോവന്‍ മാതൃകയിലുളള ബന്ധാരകള്‍ പ്രധാന നദികളില്‍ നിര്‍മിക്കും. 240 നീര്‍ത്തട പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. നെല്‍കൃഷി വിസ്തൃതി 3 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കും. ബ്ലോക്ക് തലത്തില്‍ 2,560 പദ്ധതികള്‍ ഇതിനായി തയ്യാറായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com