രജിസ്റ്റര്‍ ചെയ്ത യുവതികള്‍ പിന്‍വാങ്ങുന്നു; ശബരിമല ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ വിളിച്ചിട്ടില്ലെന്ന് പൊലീസ്

ഇതര സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ത്ഥാടക സംഘത്തോടൊപ്പം യുവതികള്‍ എത്തുന്നുണ്ടെങ്കിലും അവരും പമ്പയില്‍ യാത്ര അവസാനിപ്പിക്കുകയാണ്
രജിസ്റ്റര്‍ ചെയ്ത യുവതികള്‍ പിന്‍വാങ്ങുന്നു; ശബരിമല ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ വിളിച്ചിട്ടില്ലെന്ന് പൊലീസ്

ശബരിമല; ശബരിമലയില്‍ ദര്‍ശനം നടത്താനായി 800 ല്‍ അധികം സ്ത്രീകളാണ് വെര്‍ച്വല്‍ ക്യൂവഴി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മണ്ഡലകാലം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ദര്‍ശനം നടത്താനായി യുവതികള്‍ എത്തിയില്ല. പ്രതിഷേധം ഭയന്ന് യുവതികള്‍ പിന്‍വാങ്ങുകയാണ്. ശബരിമല ദര്‍ശനത്തിന് സംരക്ഷണം തേടി യുവതികളാരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ത്ഥാടക സംഘത്തോടൊപ്പം യുവതികള്‍ എത്തുന്നുണ്ടെങ്കിലും അവരും പമ്പയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. 

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്. സര്‍ക്കാര്‍ വിധി നടപ്പാക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ ശബരിമല ദര്‍ശനം നടത്താന്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് യുവതികള്‍ക്ക് വിളിക്കാനായി 12890 എന്ന ടോള്‍ ഫ്രീ നമ്പറും കൊണ്ടുവന്നു. ഏത് സംസ്ഥാനത്തു നിന്നും ഈ നമ്പറില്‍ വിളിച്ച് സംരക്ഷണം തേടാനാവും. 

ആക്റ്റിവിസ്റ്റ് തൃപ്തി ദേശായിയാണ് ആദ്യം നമ്പറില്‍ വിളിച്ച് സംരക്ഷണം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിഷേധത്തെതുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തു കടക്കാനാവാതെ തൃപ്തി മടങ്ങി. പിന്നീട് മറ്റൊരു യുവതിയും ഈ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും വൈകാതെ പിന്മാറി. നിലവില്‍ ഒരു സ്ത്രീയും ശബരിമല ദര്‍ശനത്തിനായി സംരക്ഷണം തേടിയിട്ടില്ലന്ന് പൊലീസ് ചീഫ് കണ്‍ട്രോള്‍ റൂം അറിയിച്ചു. എഡിജിപി അനില്‍ കാന്തിന്റെയും ഐജി മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. 

അതേ സമയം എല്ലാ തീര്‍ത്ഥാടകര്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്ന വെര്‍ച്വല്‍ ക്യൂവില്‍ പേര് രജിസ്റ്റര്‍ ചെയ്ത യുവതികളും പിന്‍മാറുകയാണ്. ആദ്യ ദിനങ്ങളില്‍ അഞ്ഞൂറിലേറെ പേര്‍ വെര്‍ച്ചല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് എണ്ണം കുറഞ്ഞു, ഇപ്പോള്‍ ദിവസേന അഞ്ചോ പത്തോ പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇവരില്‍ തന്നെ പലരും വരുന്നുമില്ല. വരുന്നവരാകട്ടെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച പൊലീസിന്റെ വിശദീകരണം കേള്‍ക്കുമ്പോള്‍ പിന്‍മാറുകയും ചെയ്യുന്നു. എന്നാല്‍ യുവതികളില്‍ ആരെങ്കിലും മല ചവിട്ടാന്‍ സന്നദ്ധരായി എത്തിയാല്‍ സ്വീകരിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിന് രൂപം നല്‍കിയിട്ടുണ്ടെന്നും പക്ഷേ ആരും സന്നദ്ധരായി എത്തുന്നില്ലെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com