ശബരിമല; കുട്ടികളെ നവോത്ഥാനവും ഭരണഘടനയും പഠിപ്പിക്കാനൊരുങ്ങി സർക്കാർ

കേരളത്തിന്റെ നവോത്ഥാന ചരിത്രവും ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കാൻ പദ്ധതി
ശബരിമല; കുട്ടികളെ നവോത്ഥാനവും ഭരണഘടനയും പഠിപ്പിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന ചരിത്രവും ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കാൻ പദ്ധതി. സമൂഹം വർ​ഗീയമായി ഏറെ വിഭജിക്കപ്പെടുന്നു എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനം പിന്നിട്ട നവോത്ഥാന പാതകളും ഭരണഘടനയുടെ അപ്രമാദിത്വവും കുട്ടികളുടെ അവകാശങ്ങളും സംബന്ധിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ച് വലിയ പ്രചാരണം നടത്താനാണ് സർക്കാർ നീക്കം. 

നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം എന്നാണ് പരിപാടിയുടെ പേര്. ഭരണഘടനാ ദിനം കൂടിയായ തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ ​ഗവ. ​ഗേൾസ് എച്ച്എസ്എസിൽ നിർവഹിക്കും. 

ശബരിമലയിലെ യുവതീ പ്രവേശന വിവാദമടക്കമുള്ള സാഹചര്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കണമെന്ന വിലയിരുത്തലാണ് പദ്ധതിക്ക് അടിസ്ഥാനം. എല്ലാ സ്കൂളുകളിലും പരിപാടി നടത്താൻ വിദ്യാഭ്യാസ വകുപ്പിനെയും ഇൻഫർമേഷൻ വകുപ്പിനേയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികളേയും ഭാ​ഗമാക്കണമെന്നാണ് നിർദേശം. 

നവോത്ഥാന ചരിത്ര പ്രദർശനം, പ്രഭാഷണം, ചരിത്രബോധനം, ഡോക്യുമെന്ററി പ്രദർശനം, റിയാലിറ്റി ഷോ, നവോത്ഥാന സാഹിത്യ പ്രചാരണം തുടങ്ങിയവ ഇതിന്റെ ഭാ​ഗമായി നടത്തും. ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളും സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്കായി നവോത്ഥാന ചരിത്രവും ഭരണഘടനാ മൂല്യങ്ങളും ഉൾപ്പെടുത്തി പുസ്തകവും തയ്യാറാക്കുന്നുണ്ട്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചമർത്തലുകളും പൗരാവകാശ ലംഘനങ്ങളും നിറഞ്ഞ കേരളീയ സമൂഹം നവോത്ഥാന പ്രക്രിയയിലൂടെ എങ്ങനെ മാറിയെന്നത് സംബന്ധിച്ച് അറിവ് പകരുന്നതായിരിക്കും പദ്ധതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com