ശബരിമലയിൽ ഇനി യതീഷ് ചന്ദ്രയ്ക്ക് പകരമെത്തുന്നത് പുഷ്ക്കരൻ; തന്ത്രപരമായി നീങ്ങി സർക്കാർ

നിലയ്ക്കലില്‍ പുതിയ ചുമതല തൃശൂര്‍ റൂറല്‍ എസ്പി പുഷ്‌ക്കരനാണ്
ശബരിമലയിൽ ഇനി യതീഷ് ചന്ദ്രയ്ക്ക് പകരമെത്തുന്നത് പുഷ്ക്കരൻ; തന്ത്രപരമായി നീങ്ങി സർക്കാർ

ശബരിമല:  കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായുള്ള തര്‍ക്കത്തിലൂടെ വിവാദത്തിലായ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര 30ന് നിലയ്ക്കലിലെ ചുമതല ഒഴിയുന്നു. 15 ദിവസം നല്‍കിയ ചുമതലയില്‍ തിളങ്ങിയ ശേഷം അദ്ദേഹം തൃശൂരിലേക്ക് മടങ്ങുകയാണ്. നിലയ്ക്കലില്‍ പുതിയ ചുമതല തൃശൂര്‍ റൂറല്‍ എസ്പി പുഷ്‌ക്കരനാണ്.

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നതിന്റെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന നിലയ്ക്കലില്‍ യുവ ഐപിഎസുകാരനെ മാറ്റി കണ്‍ഫേഡ് ഐപിഎസുകാരനെ നിയമിക്കുന്ന തന്ത്രപരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതുവഴി കേന്ദ്ര ഭരണം ഉപയോഗിച്ച് യുവ ഐപിഎസുകാരെ വിരട്ടാനുള്ള ബിജെപി നീക്കത്തിന് തടയിടുകയും സർക്കാർ ഉദ്ദേശിക്കുന്നു.

വിവാദങ്ങളും വീര പരിവേഷവും ഒന്നുമില്ലെങ്കിലും ക്രമസമാധാന ചുമതലയില്‍ കഴിവു തെളിയിച്ച ഓഫീസറാണ് എസ്പി പുഷ്‌ക്കരന്‍. സി.പി.എമ്മിനെ സംബന്ധിച്ച് ഏറെ വിശ്വസിക്കാവുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം. ചാലക്കുടിയെ പ്രളയം വിഴുങ്ങിയപ്പോള്‍ പാലത്തിന് അടിയില്‍ പൊലീസ് വാഹനം കണ്‍ട്രോള്‍ റൂമാക്കി അവിടെ വച്ച് സുരക്ഷാ ചുമതല ഏകോപിപ്പിച്ച ഉദ്യോഗസ്ഥനാണ് പുഷ്‌ക്കരന്‍.

പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ആവശ്യത്തോട്യ യതീഷ് ചന്ദ്ര നിഷേധാത്മക നിലപാട് സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാറിനെയും അമ്പരപ്പിച്ചിരുന്നു. യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള തന്നെ നേരിട്ട് പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. 

നിയമം നടപ്പാക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വീസാണെന്ന് ചൂണ്ടിക്കാട്ടി നിശബ്ദരാക്കാനുള്ള നീക്കത്തെ തടയിടാന്‍ വേണ്ടി വന്നാല്‍ മറുതന്ത്രം പയറ്റാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങില്ലന്നും ഇനിയും ആവശ്യമെന്ന് കണ്ടാല്‍ വീണ്ടും യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവരെ തിരികെ വിളിക്കുമെന്നുമാണ് ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ നിലപാട്. 15 ദിവസമാണ് ഓരോ ഉദ്യോഗസ്ഥനും നിലവില്‍ ശബരിമലയില്‍ ചുമതല നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com