സുരേന്ദ്രന്‍ ജയിലില്‍ തുടരും, ജാമ്യാപേക്ഷ കോടതി തള്ളി; ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി

ശബരിമല സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി
സുരേന്ദ്രന്‍ ജയിലില്‍ തുടരും, ജാമ്യാപേക്ഷ കോടതി തള്ളി; ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുരേന്ദ്രനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് റാന്നി കോടതി അനുമതി നല്‍കി. 

ചിത്തിര ആട്ടവിശേഷ പൂജയ്ക്കിടെ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിത രവിയെ ആക്രമിച്ചെന്ന കേസിലാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ലളിത രവിയെ ആക്രമിച്ചതില്‍ വധശ്രമ, ഗൂഢാലോചന കേസുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. സുരേന്ദ്രന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. 

ആക്രമണത്തില്‍ സുരേന്ദ്രന് പങ്കുണ്ട് എന്നതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് കോടതി നടപടി. ഗൂഢാലോചന കേസായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ലളിത രവിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ ആറു വരെയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊട്ടാരക്കര സബ് ജയിലിലാണ് സുരേന്ദ്രനെ പാര്‍പ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പുജപ്പുര ജയിലിലേക്കു മാറ്റണമെന്ന് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ 26ന് തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു. 

സുരേന്ദ്രനെ അര മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് പൊലീസ് അനുമതി ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഏഴു മണിക്കു മുമ്പ് പൊലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി.

ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സുരേന്ദ്രന് വീട്ടുകാരുമായി ഫോണില്‍ സംസാരിക്കാമെന്ന് കോടതി വ്യക്തമാക്കി. 

നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്കു പോവാന്‍ ശ്രമിച്ചതിനാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. ആദ്യ കേസില്‍ ജാമ്യം ലഭിച്ചെങ്കില്‍ രണ്ടാമത്തെ കേസില്‍ റിമാന്‍ഡ് ചെയ്തതോടെ പുറത്തിറങ്ങാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com