'അത് തെറ്റിദ്ധാരണ മാത്രം', മഗ്നീഷ്യം ഇറക്കുമതിയില്‍ ക്രമക്കേടില്ലെന്ന് വിജിലന്‍സ്; ടോം ജോസിന് ക്ലീന്‍ ചിറ്റ്

കെഎംഎംഎല്‍ എംഡിയായിരിക്കെ മഗ്നീഷ്യം ഇറക്കുമതി ചെയ്ത സംഭവത്തില്‍ നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
'അത് തെറ്റിദ്ധാരണ മാത്രം', മഗ്നീഷ്യം ഇറക്കുമതിയില്‍ ക്രമക്കേടില്ലെന്ന് വിജിലന്‍സ്; ടോം ജോസിന് ക്ലീന്‍ ചിറ്റ്

 തിരുവനന്തപുരം: കെഎംഎംഎല്‍ എംഡിയായിരിക്കെ മഗ്നീഷ്യം ഇറക്കുമതി ചെയ്ത സംഭവത്തില്‍ നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇടപാടില്‍ ക്രമക്കേടോ അഴിമതിയോ നടന്നിട്ടില്ല. നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. 

കെഎംഎംഎല്‍ എംഡി സ്ഥാനത്തിരിക്കവേ 250 മെട്രിക് ടണ്‍ മഗ്നീഷ്യം ഇറക്കുമതി ചെയ്ത ഇടപാടിലാണ് ക്രമക്കേട് ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്ന് വന്നത്. ഇ - ടെന്‍ഡര്‍ വഴി സ്വകാര്യ കമ്പനികളില്‍ നിന്ന് മഗ്നീഷ്യം വാങ്ങിയതിലൂടെ സ്ഥാപനത്തിന് ഒരു കോടി 21 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയെന്നായിരുന്നു കേസ്.

 എന്നാല്‍ ഇത്രയധികം നഷ്ടം വന്നതായി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ വന്നത് ഗുണകരമായ തീരുമാനം ആയിരുന്നുവെന്നുമാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഇതിനെ സാധൂകരിക്കുന്ന രേഖകളും വിജിലന്‍സ് ഇതോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജേക്കബ്ബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com