കാര്‍ ഓടിച്ചത് ബാലു തന്നെ; സ്ഥീരീകരണവുമായി പൊലീസ്

വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരണമടഞ്ഞ സംഭവത്തില്‍ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലു ആയിരുന്നെന്ന് പൊലീസ് സ്ഥിരീകരണം
കാര്‍ ഓടിച്ചത് ബാലു തന്നെ; സ്ഥീരീകരണവുമായി പൊലീസ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരണമടഞ്ഞ സംഭവത്തില്‍ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലു ആയിരുന്നെന്ന് പൊലീസ് സ്ഥിരീകരണം.

കാറോടിച്ചത് ബാലുവായിരുന്നെന്ന് പള്ളിപ്പുറത്ത് അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത വീട്ടിലെ 18കാരി മൊഴിനല്‍കി. ടി.വി ഷോകളിലൂടെ ബാലഭാസ്‌കറിനെ അറിയാമെന്നും ഒരിക്കലും ആളു തെറ്റില്ലെന്നും ഇവര്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനം നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും ഇതേ മൊഴിയാണ് നല്‍കിയത്. അപകടസമയം അതുവഴി കടന്നുപോയ വാഹനങ്ങള്‍ കണ്ടെത്തി പൊലീസ് നടത്തിയ അന്വേഷണത്തിലും ഇതേ വിവരമാണ് ലഭിച്ചത്.

മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് സി.കെ ഉണ്ണി ഡിജിപിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നല്‍കാന്‍ െ്രെകംബ്രാഞ്ചിനോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനായിരുന്നെന്ന് ബാലുവിന്റെ ഭാര്യ ലക്ഷ്മി പൊലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍, കൊല്ലം മുതല്‍ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നും താന്‍ പിന്നിലെ സീറ്റിലായിരുന്നെന്നുമാണ് അര്‍ജുന്‍ പൊലീസിനോട് പറഞ്ഞത്. ഇടതുവശത്തെ സീറ്റില്‍ ലക്ഷ്മിയുടെ മടിയിലായിരുന്നു തേജസ്വിനിയെന്നും അര്‍ജുന്‍ പറഞ്ഞു.

അപകടത്തില്‍ അര്‍ജുന് കാലുകള്‍ക്കാണ് പരിക്കേറ്റത്. തുടയെല്ല് പൊട്ടിയിരുന്നു. പരിക്കിന്റെ സ്വഭാവവും സാക്ഷിമൊഴികളും പരിശോധിക്കുമ്‌ബോള്‍ അര്‍ജുന്‍ പറഞ്ഞത് അവിശ്വസിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ പക്ഷം. മകള്‍ മരിച്ച അപകടത്തില്‍ പിതാവ് കുറ്റക്കാരനാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്മി മൊഴി മാറ്റിയതാവാമെന്നാണ് പൊലീസ് പറയുന്നത്.

സെപ്തംബര്‍ 24ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരവേ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിനടുത്ത് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com