ശബരിമലയെ നയിക്കുന്നത് മൂന്ന് ക്രിമിനലുകള്‍ ; യതീഷ്ചന്ദ്രക്കെതിരെയുള്ള ബിജെപി നടപടി കാത്തിരുന്ന് കാണാമെന്ന് എ എന്‍ രാധാകൃഷ്ണന്‍

ഭീകരാവസ്ഥയുണ്ടാക്കി അയ്യപ്പന്മാരെ അകറ്റി ശബരിമലയില്‍ ശ്മശാന മൂകത സൃഷ്ടിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍
ശബരിമലയെ നയിക്കുന്നത് മൂന്ന് ക്രിമിനലുകള്‍ ; യതീഷ്ചന്ദ്രക്കെതിരെയുള്ള ബിജെപി നടപടി കാത്തിരുന്ന് കാണാമെന്ന് എ എന്‍ രാധാകൃഷ്ണന്‍

തൃശൂര്‍ : ശബരിമലയെ തകര്‍ക്കാനാണ് ബോണ്‍ ക്രിമിനലുകളായ ഐജി വിജയ് സാഖറെയും എസ്പി യതീഷ് ചന്ദ്രയേയും എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. ഇവരെ സംരക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ക്രിമിനലായ മുഖ്യമന്ത്രി പിണറായി വിജയനെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. 

ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഭീകരാവസ്ഥയുണ്ടാക്കി അയ്യപ്പന്മാരെ അകറ്റി ശബരിമലയില്‍ ശ്മശാന മൂകത സൃഷ്ടിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. കേന്ദ്രമന്ത്രിയോട് ധിക്കാരമായി സംസാരിച്ച യതീഷ്ചന്ദ്രക്കെതിരെയുള്ള ബിജെപിയുടെ നടപടി കാത്തിരുന്ന് കാണാം. കേന്ദ്രമന്ത്രിയോടൊപ്പമുണ്ടായിരുന്ന ക്രിമിനലുകളാരൊക്കെയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ വെളിപ്പെടുത്തണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

കെ സുരേന്ദ്രനെ അപകടപ്പെടുത്താനുള്ള ഗുഢാലോചനയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ക്രിമിനലുകളുള്ള കണ്ണൂര്‍ ജയിലേക്ക് മാറ്റാനുള്ള ശ്രമം. 11 കള്ളക്കേസുകളുണ്ടാക്കി സുരേന്ദ്രനെ സ്ഥിരമായി ജയിലടയ്ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ അപകടകരമായ ശ്രമത്തെ ബിജെപി ചെറുത്തു തോല്‍പ്പിക്കും. ആഴ്ചയില്‍ രണ്ടു ദിവസം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കാമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ വീട്ടില്‍ നിന്ന് സ്ത്രീകളെ ശബരിമലയ്ക്ക് അയയ്ക്കാത്തതെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. 

എല്‍ഡിഎഫ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടില്ല. ജനരോഷത്താല്‍ പിണറായി സര്‍ക്കാര്‍ അടുത്ത ആറു മാസത്തിനുള്ളില്‍ താഴെയിറങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ 1,100 കോടി രൂപയുടെ പദ്ധതികളൊന്നും തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. പ്രളയദുരിതാശ്വാസ ഫണ്ടുകള്‍ എവിടെ പോയെന്ന് വിവരമില്ലെന്നും പ്രളയത്തിനു ശേഷമുള്ള ധവളപത്രം ഇറക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com