സന്നിധാനത്തെ നാമജപം : അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം

അറസ്റ്റിലായവരില്‍ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ ജി കണ്ണനും ഉള്‍പ്പെട്ടിരുന്നു
സന്നിധാനത്തെ നാമജപം : അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം

ശബരിമല : സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം. ഇന്നലെ രാത്രിയാണ്  നട അടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അപ്രതീക്ഷിത പ്രതിഷേധം. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേഡിനുള്ളില്‍ കടന്നും നാമം വിളിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ ജി കണ്ണനും ഉള്‍പ്പെട്ടിരുന്നു. 

രാത്രി പത്തുമണിയോടെയാണ് ബാരിക്കേഡിന് പുറത്ത് സന്നിധാനം പൊലീസ് കെട്ടിടത്തിന് താഴെയായി ആദ്യം ഒരു സംഘം നാമജപം ആരംഭിച്ചത്. എന്നാല്‍ പൊലീസ് ഉച്ഛഭാഷിണിയിലൂടെ നിരോധാനജ്ഞ നിലനില്‍ക്കുന്ന ഇടമാണെന്നും കൂട്ടംകൂടരുതെന്നും അറിയിച്ചെങ്കിലും കേള്‍ക്കാന്‍ നാമജപക്കാര്‍ തയ്യാറായില്ല. ഇതിനിടെ ബാരിക്കേഡ് കെട്ടിത്തിരിച്ചതിനകത്ത് നിന്ന് പെട്ടെന്നൊരു സംഘം നാമജപം ആരംഭിക്കുകയായിരുന്നു.  ബാരിക്കേഡുകള്‍ക്കിടയിലൂടെ തുറന്നുകിടക്കുന്ന ചെറിയ വഴിയിലൂടെ ഒറ്റയ്‌ക്കൊറ്റയ്ക്കു മാത്രമാണ് ആളുകളെ പൊലീസ് അകത്തേക്ക് കടത്തിവിട്ടിരുന്നത്. ഇങ്ങനെ അകത്ത് കയറിയവര്‍ പെട്ടെന്ന് സംഘമായി വാവര് നടയ്ക്ക് സമീപം നാമജപം ആരംഭിച്ചത് പൊലീസിനെ ഞെട്ടിച്ചു. 

പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്‍മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഇരു സംഘങ്ങള്‍ക്ക് ചുറ്റും പൊലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടര്‍ന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു. 

കോട്ടയം ജില്ലയിലെ ചങ്ങാശ്ശേരി, പാലാ ഭാഗങ്ങളില്‍ നിന്നുളളവരാണ് ഒരു സംഘത്തിലുണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ ക്രിമിനല്‍ കേസുകളിലെ പ്രതികളും ഉണ്ടെന്ന് എസ്പി ഹരിശങ്കര്‍ അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. മണിയാര്‍ ക്യാമ്പിലെത്തിച്ചശേഷമാണ് സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ചത്. പമ്പയിലെത്തിയ ശേഷം സംഘത്തില്‍ ഉണ്ടായിരുന്ന ചാത്തന്നൂര്‍ സ്വദേശിയായ കുട്ടിയെയും അച്ഛനെയും പൊലീസ് പറഞ്ഞുവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com