കാഷ് കൗണ്ടറുകള്‍ വെട്ടിച്ചുരുക്കുന്നു, 15,000ത്തില്‍ താഴെ ഉപഭോക്താക്കള്‍ ഉളളിടത്ത് ഒരു കൗണ്ടര്‍ മാത്രം, ഓണ്‍ലൈന്‍ പേയ്‌മെന്റിന് പ്രത്യേക ഓഫര്‍; ഡിജിറ്റലാവാന്‍ കെഎസ്ഇബി 

ഡിജിറ്റല്‍ പണമിടപാട് നിര്‍ബന്ധമാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി കാഷ് കൗണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കെഎസ്ഇബി നീക്കം
കാഷ് കൗണ്ടറുകള്‍ വെട്ടിച്ചുരുക്കുന്നു, 15,000ത്തില്‍ താഴെ ഉപഭോക്താക്കള്‍ ഉളളിടത്ത് ഒരു കൗണ്ടര്‍ മാത്രം, ഓണ്‍ലൈന്‍ പേയ്‌മെന്റിന് പ്രത്യേക ഓഫര്‍; ഡിജിറ്റലാവാന്‍ കെഎസ്ഇബി 

തിരുവനന്തപുരം: ഡിജിറ്റല്‍ പണമിടപാട് നിര്‍ബന്ധമാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി കാഷ് കൗണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കെഎസ്ഇബി നീക്കം. ഇതിന് പുറമേ കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനസമയം അഞ്ച് മണിക്കൂറായി ചുരുക്കുന്നു. ജനുവരി ഒന്നു മുതല്‍ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാകും കൗണ്ടറുകളുടെ പ്രവര്‍ത്തനം.

നിലവില്‍ ഡിജിറ്റില്‍ പണമിടപാടില്‍ കെ.എസ്.ഇ.ബിയുടെ പ്രകടനം 11.27 % മാത്രമാണ്. ഇത് ഉടന്‍ 45 ശതമാനമായി ഉയര്‍ത്തിയില്ലെങ്കില്‍ ഫൈന്‍ ചുമത്തുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികള്‍ക്ക് കെഎസ്ഇബി ഒരുങ്ങുന്നത്. പരിഷ്‌കരണത്തിന്റെ ഭാഗമായി 2000 രൂപയ്ക്ക് മേലുള്ള ഗാര്‍ഹികേതര ബില്ലുകള്‍ ഇനി ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. 15,000ത്തില്‍ താഴെ ഉപഭോക്താക്കള്‍ ഉളള സ്ഥലത്ത് ഒരു കാഷ് കൗണ്ടര്‍ മാത്രമാക്കും.കാഷ് കൗണ്ടറുകളില്‍ ഗാര്‍ഹിക ബില്ലുകള്‍ മാത്രമേ സ്വീകരിക്കൂ.ഓണ്‍ലൈന്‍ പേമെന്റ് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിക്കും.വൈദ്യുത പോസ്റ്റ് മാറ്റല്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് മാത്രമാക്കാനും നടപടി തുടങ്ങി. ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും പുറമെ നിന്ന് കൊണ്ടുവരേണ്ട കെ.എസ്.ഇ.ബിക്ക് കേന്ദ്ര മുന്നറിയിപ്പ് അവഗണിക്കാനാവില്ല.

നിലവില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം. ഇതാണ് അഞ്ചുമണിക്കൂറായി ചുരുക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഇടവേള ഉണ്ടാകും.  കഴിഞ്ഞ വര്‍ഷം കെ.എസ്.ഇ.ബിയുടെ ഓണ്‍ലൈന്‍ ബില്‍ പേമെന്റ് 6.48 ശതമാനമായിരുന്നു. 2017ല്‍ ഡിജിറ്റല്‍ ഇടപാട് കൂട്ടാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അതിനുശേഷമാണ് 11.27 ശതമാനത്തിലെത്തിയത്. വളര്‍ച്ച കേവലം 5 ശതമാനം. ഇതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് 45 ശതമാനം എന്ന ലക്ഷ്യം കൈവരിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com