ചാനല്‍ ചര്‍ച്ചയില്‍ ഇനി വായില്‍ തോന്നിയത് പറയാനാകില്ല; പെരുമാറ്റച്ചട്ടവുമായി ബിജെപി, പാനല്‍ രൂപീകരിച്ചു

രാഷ്ട്രീയ സംവാദങ്ങളില്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു
ചാനല്‍ ചര്‍ച്ചയില്‍ ഇനി വായില്‍ തോന്നിയത് പറയാനാകില്ല; പെരുമാറ്റച്ചട്ടവുമായി ബിജെപി, പാനല്‍ രൂപീകരിച്ചു

കൊച്ചി: രാഷ്ട്രീയ സംവാദങ്ങളില്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ ആശയവും അഭിപ്രായവും ജനങ്ങളിലെത്തിക്കാനുളള ഏറ്റവും പ്രധാന ഇടമായ ചാനല്‍ ചര്‍ച്ചകളില്‍ വക്താക്കളായി പോകേണ്ടവരുടെ ഒരു പാനല്‍ രൂപീകരിച്ചു. വിവിധ ജില്ലകളില്‍ ഉള്‍പ്പെട്ട ഇരുപതോളം പേരെയാണ് പാര്‍ട്ടി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇനി ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖം ഇവരായിരിക്കും.

ബിജെപിയുടെ പേരില്‍ ആരെങ്കിലും ചാനലില്‍ അഭിപ്രായം പറയുന്നതിനോട് നേതൃത്വം യോജിക്കുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട തിരുവനന്തപുരത്തെ യുവ നേതാവ് അടുത്തിടെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനലില്‍ ചര്‍ച്ചയ്ക്ക് വന്നത് നേതൃത്വത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ചാനല്‍ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയില്‍ ഒരു സംവിധാനം വേണമെന്ന ചിന്ത നേതാക്കളില്‍ ഉണ്ടായത്. 

ചര്‍ച്ചകളില്‍ എന്ത് പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടി വ്യക്തമായ നിര്‍ദേശം നല്‍കും. അതില്‍ ഊന്നി നിന്നുകൊണ്ടാവണം ചര്‍ച്ചയ്ക്ക് പോകുന്നയാള്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍. എല്ലാ ദിവസവും ഉണ്ടാവുന്ന രാഷ്ട്രീയ സ്ഥിതിഗതികളില്‍, പാര്‍ട്ടിയുടെ ലൈന്‍ എന്താണെന്ന് ചര്‍ച്ചയ്ക്ക് പോകുന്നവര്‍ക്ക് വിശദീകരിച്ച് നല്‍കും. ഇതുസംബന്ധിച്ച വീശദീകരണം ചര്‍ച്ചയ്ക്ക് പോകുന്നവര്‍ക്ക് വാട്‌സ് ആപ്പിലുടെ നല്‍കും. ഇത് ഏകോപിപ്പിക്കുന്നതിനായി ഹരി എസ് കര്‍ത്തായെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ വിഷയത്തിനും അതത് രംഗത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് പാര്‍ട്ടി നിലപാട് സ്വീകരിക്കും. 

ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ ചാനലുകളിലും നടക്കുന്ന സംവാദങ്ങളില്‍ ഒരു ഭാഗത്ത് ആക്രമിക്കപ്പെടുന്നത് ബിജെപിയാണ്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെല്ലാം ഒരു പോലെ അമ്പുകള്‍ ഏല്‍ക്കേണ്ടി വരുന്നുണ്ട്. ചില ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്നവര്‍ പതറിപ്പോകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ പാനലിന് രൂപം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com