ജനപക്ഷവും സിപിഎമ്മും വേര്‍പിരിഞ്ഞു; ബിജെപിക്കൊപ്പം ചേര്‍ന്ന് അവിശ്വാസത്തിന് നോട്ടീസ്

പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു. സിപിഎം ഭരിക്കുന്ന പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ ബിജെപിയുമായി ചേര്‍ന്ന് അവിശ്വാസപ്രമേയത്തിനു നോട്ടിസ് നല്‍കി
ജനപക്ഷവും സിപിഎമ്മും വേര്‍പിരിഞ്ഞു; ബിജെപിക്കൊപ്പം ചേര്‍ന്ന് അവിശ്വാസത്തിന് നോട്ടീസ്

കോട്ടയം: പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു. സിപിഎം ഭരിക്കുന്ന പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ ബിജെപിയുമായി ചേര്‍ന്ന് അവിശ്വാസപ്രമേയത്തിനു നോട്ടിസ് നല്‍കി. പാര്‍ട്ടി നിര്‍ദേശ പ്രകാരം പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി രാജിവച്ചതിന് പിന്നാലെയാണ് ബിജെപിക്കൊപ്പം സഹകരിക്കാന്‍ തീരുമാനമായത്. തെക്കേക്കര പഞ്ചായത്തിലും സിപിഎം പിന്തുണ ഒഴിവാക്കുമെന്നു ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് പറഞ്ഞു. 

പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകള്‍ സിപിഎം-ജനപക്ഷം ധാരണയിലാണ് ഭരിക്കുന്നത്. പൂഞ്ഞാറില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിന് നല്‍കാമെന്നാണ് ധാരണ. എന്നാല്‍ ശബരിമല യുവതീപ്രവേശം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ രൂപപ്പെട്ട ഭിന്നത ധാരണ അവസാനിപ്പിക്കുന്നതില്‍ എത്തിക്കുകയായിരുന്നു. 

പൂഞ്ഞാറില്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ജനപക്ഷം സിപിഎമ്മിന്റെ പ്രസിഡന്റ് രമേശ് ബി. വെട്ടിമറ്റത്തിനുള്ള പിന്തുണ പിന്‍വലിച്ചു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിന് നല്‍കേണ്ടെന്നു സിപിഎം ജില്ലാ കമ്മിറ്റി തീരുമാനം എടുത്തിരുന്നു. പ്രസിഡന്റ് സ്ഥാനം പങ്കു വയ്ക്കുന്നതു സംബന്ധിച്ച് ധാരണ ഇല്ലെന്നു സിപിഎം നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം അഞ്ചു വര്‍ഷം സിപിഎമ്മിനും വൈസ്പ്രസിഡന്റു സ്ഥാനം ജനപക്ഷത്തിനുമെന്നാണ് ധാരണയെന്നും പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി. വെട്ടിമറ്റം പറഞ്ഞു.സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്ന ജനപക്ഷവുമായി ബന്ധം വേണ്ടെന്നു സിപിഎം തീരുമാനിച്ചതായി സിപിഎം ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com