ഭരണഘടനയെയും കിത്താബിനെയും ഒരുപോലെ ഹൃദയത്തിലേറ്റുന്നു; സ്‌കൂള്‍ നാടകത്തിന് പിന്തുണയുമായി എസ്എഫ്‌ഐ

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയ 'കിത്താബ്' നാടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എഫ്‌ഐ
ഭരണഘടനയെയും കിത്താബിനെയും ഒരുപോലെ ഹൃദയത്തിലേറ്റുന്നു; സ്‌കൂള്‍ നാടകത്തിന് പിന്തുണയുമായി എസ്എഫ്‌ഐ

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയ 'കിത്താബ്' നാടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എഫ്‌ഐ. ഭരണഘടനയെയും കിത്താബ് എന്ന നാടകത്തെയും ഒരുപോലെ ഹൃദയത്തിലേറ്റുകയാണ് എസ്എഫ്‌ഐ. കാരണം, ഇവ രണ്ടുമുയര്‍ത്തുന്നത് മാനവികതയുടെ മൂല്യങ്ങള്‍തന്നെയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. 

എസ്എഫ്‌ഐയുടെ കുറിപ്പ് ഇങ്ങനെ: 

കിത്താബിലൂടെ പറയാന്‍ ശ്രമിച്ച ആശയത്തോട് ഐക്യപ്പെടുന്നു. ഒപ്പം നാടകം എഴുതി അവതരിപ്പിച്ചവരോടും. ആവിഷക്കാര സ്വാതന്ത്ര്യത്തിനായുള്ള സമരമിനിയുമുയര്‍ത്തുകയാണ് ഞങ്ങള്‍. മനുഷ്യസൃഷ്ടി മാത്രമായ മതങ്ങളിനിയും സ്വയം നവീകരിക്കുന്നതിനും തിരുത്തലുകള്‍ക്കും വിധേയമാവേണ്ടതുണ്ട്. ഒരിടത്ത് ഭരണഘടനയുടെ മൂല്യങ്ങള്‍ വിശ്വാസത്തിന്റെ അഗ്‌നിനാളങ്ങളില്‍ കത്തിയമരുമ്പോള്‍ മറ്റൊരിടത്ത് കിത്താബ് മുന്നോട്ടുവെച്ച ആശയങ്ങള്‍ക്കെതിരായുള്ള മുറവിളികള്‍ ഉയരുകയാണ്. ഭരണഘടനയെയും കിത്താബ് എന്ന നാടകത്തെയും ഒരുപോലെ ഹൃദയത്തിലേറ്റുകയാണ് എസ്എഫ്‌ഐ. കാരണം, ഇവരണ്ടുമുയര്‍ത്തുന്നത് മാനവികതയുടെ മൂല്യങ്ങള്‍തന്നെയാണ്...

കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാംസമ്മാനം നേടിയ നാടകം 'കിത്താബ് ഇസ്‌ലാമിന് എതിരാണ് എന്നാരോപിച്ചായിരുന്നു മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയത്. മുസ്‌ലിം പള്ളിയില്‍ വാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന് ഒന്നാം സമ്മാനം നേടിയ നാടകത്തിന്റെ ഇതിവൃത്തം. വാങ്ക് വിളിക്കാന്‍ മുക്രിയുടെ മകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്.

ഉണ്ണി ആര്‍ സമകാലിക മലയാളം വാരികയില്‍ എഴുതിയ വാങ്ക് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് നാടകം ചെയ്തതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ അനുവാദമില്ലാതെയാണ് നാടകമാക്കിയതെന്നും. 'വാങ്ക്' പറയുന്ന രാഷ്ട്രീയമല്ല 'കിത്താബ്' പറയുന്നത് എന്നും ആരോപിച്ച് ഉണ്ണി ആര്‍ രംഗത്ത് വന്നിരുന്നു. 

എന്നാല്‍ വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇസ്‌ലാം വിരുദ്ധമായി നാടകത്തില്‍ ഒന്നുമില്ലെന്നും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com